Wed. Jan 22nd, 2025
ഡൽഹി:

 
രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങി ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളാണ് പൊടുന്നനെയുള്ള വെട്ടുകിളികളുടെ ആക്രമണത്തില്‍ നടുങ്ങിയിരിക്കുന്നത്. കാഴ്ചയില്‍ കുഞ്ഞരെങ്കിലും കാര്‍ഷിക മേഖലയില്‍ വലിയ നാശമുണ്ടാക്കാന്‍ വെട്ടുകിളി കൂട്ടത്തിനാവും. ചെടികളുടെയും മരങ്ങളുടേയും ഇല, പൂവ്, തോല്‍, തടി, വിത്തുകള്‍, പഴങ്ങള്‍ തുടങ്ങി എന്തും ഇവ ആഹാരമാക്കും. നെല്ല്, ചോളം, ഗോതമ്പ്, ബാര്‍ലി, പരുത്തി, കരിമ്പ്, ഈന്തപ്പന, അക്കേഷ്യ, വാഴ, പൈന്‍, പുല്ല് തുടങ്ങി എതാണ്ടെല്ലാ ചെടികളും മരങ്ങളും വിളകളും ഇവക്ക് ആഹാരമാകാറുണ്ട്.

പാകിസ്താനോട് ചേര്‍ന്നുള്ള അതിര്‍ത്തികളില്‍ സാധാരണ ജൂലൈ- ഒക്ടോബര്‍ മാസങ്ങളിലാണ് വെട്ടുകിളി കൂട്ടങ്ങളുടെ ആക്രമണമുണ്ടാവാറ്. എന്നാല്‍ ഇത്തവണ എല്ലാ പ്രതീക്ഷയും തെറ്റിച്ചാണ് ഇവയുടെ വരവ്. രാജസ്ഥാനോട് ചേര്‍ന്നുള്ള പാകിസ്താനിലെ പ്രദേശങ്ങള്‍ വെട്ടുകിളികളുടെ പ്രജനന കേന്ദ്രങ്ങളായെന്നാണ് ഗവേഷകരില്‍ പലരുടേയും വിലയിരുത്തല്‍.

‘രണ്ട് മൂന്ന് ദിവസങ്ങളുടെ ഇടവേളകളില്‍ പാകിസ്താനില്‍ നിന്നും രാജസ്ഥാനിലേക്ക് വെട്ടുകിളി കൂട്ടങ്ങള്‍ വരുന്നുണ്ട്. വെട്ടുകിളികളുടെ പുതിയ പ്രജനന കേന്ദ്രമായി പാകിസ്താന്‍ മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം നാല് വെട്ടുകിളി കൂട്ടങ്ങളാണ് ജയ്പൂരിലെത്തിയത്,’ കാര്‍ഷിക വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായ ബി ആര്‍ കദ്വ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞതിങ്ങനെ. ഏപ്രില്‍ 11 മുതലാണ് രാജസ്ഥാനിലേക്ക് വെട്ടുകിളി കൂട്ടം എത്തിയതായി ശ്രദ്ധയില്‍ പെട്ടത്.

സമീപചരിത്രത്തിലില്ലാത്ത വെട്ടുകിളി ആക്രമണത്തിന് പാകിസ്താനും ഇരയാകുന്നുണ്ട്. പാക് മാധ്യമമായ ഡോണിന്റെ റിപ്പോര്‍ട്ട് പ്രകാരം പാക് സൈന്യം 5000 സൈനികരുടെ സംഘത്തെ വെട്ടുകിളികളെ തുരത്താനായി നിയോഗിച്ചിരിക്കുകയാണ്. ഇതില്‍ 1500 പേര്‍ വെട്ടുകിളി ആക്രമണം ശക്തമായ വിവിധ മേഖലകള്‍ കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. 29 വര്‍ഷത്തിന് ശേഷമാണ് പാകിസ്താനില്‍ ഇത്ര വലിയ വെട്ടുകിളി ആക്രമണമുണ്ടാകുന്നത്. ഇവ പ്രാദേശികമായി ഉണ്ടായതാണെന്ന് ലെഫ്റ്റനന്റ് ജനറല്‍ അഫ്‌സലിനെ ഉദ്ധരിച്ച് ഡോണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നുമുണ്ട്.

ആഫ്രിക്കയ്ക്കും ഏഷ്യക്കുമിടയിലാണ് സാധാരണ ഇത്തരം വെട്ടുകിളി കൂട്ടങ്ങളുടെ ശക്തമായ സാന്നിധ്യമുള്ളത്. കാലാവസ്ഥാ വ്യതിയാനം ഇവയുടെ വലിയ തോതിലുള്ള വംശ വര്‍ദ്ധനയ്ക്കും കൂടുതല്‍ പ്രദേശങ്ങളിലേക്കുള്ള വ്യാപനത്തിനും കാരണമായിട്ടുണ്ട്. അറബിക്കടല്‍ ചൂടുപിടിച്ചതിനെ തുടര്‍ന്ന് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ അടക്കം 2019ല്‍ വന്‍ തോതില്‍ മഴ ലഭിച്ചിരുന്നു. ഇത്തരത്തിലുള്ള പെട്ടെന്നുള്ള കാലാവസ്ഥയിലെ മാറ്റം വെട്ടുകിളികള്‍ക്ക് പെരുകാനുള്ള സാഹചര്യമൊരുക്കുന്നുണ്ട്.

ആഫ്രിക്കക്ക് പുറമേ ഒമാനിലും വലിയ തോതില്‍ വെട്ടുകിളികള്‍ പെരുകിയതായി കരുതപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഒമാനിലും വലിയ തോതില്‍ മഴ ലഭിച്ചിരുന്നു. പച്ചപ്പും നനവുള്ള മണല്‍ പ്രദേശങ്ങളുമാണ് വെട്ടുകിളികളുടെ വംശവര്‍ദ്ധനവിന് ഏറ്റവും അനുയോജ്യമായ സാഹചര്യമെന്നാണ് വേള്‍ഡ് മെട്രൊളോജിക്കല്‍ ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നുണ്ട്. ഒമാനില്‍ വലിയ തോതില്‍ പെരുകിയ വെട്ടുകിളികള്‍ ഭക്ഷണം തേടി ഇറാന്‍ വഴി പാകിസ്താനിലേക്കും പിന്നീട് രാജസ്ഥാനിലേക്കും എത്തിയെന്നാണ് കരുതപ്പെടുന്നത്.