തിരുവനന്തപുരം:
മദ്യവില്‍പനക്കുള്ള വെര്‍ച്വല്‍ ക്യൂ ആപ്പായ ബെവ്ക്യൂവിലെ പ്രശ്‌നങ്ങള്‍ നാലു മണിക്കൂറിനുള്ളില്‍ പരിഹരിക്കുമെന്ന് നിര്‍മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസ്. ഒടിപി ലഭിക്കാത്തതാണ് പ്രശ്നമെന്ന് പറഞ്ഞ കമ്പനി ഒടിപി സേവന ദാതാക്കളുടെ എണ്ണം കൂട്ടുമെന്നും അറിയിച്ചു.
നിലവിൽ സേവനം നൽകുന്നത് ഒരു കമ്പനിയാണ്, അത് മൂന്നായി കൂട്ടും. അതുവരെ ബുക്കിങ് ഉണ്ടായിരിക്കില്ലെന്നും കമ്പനി അറിയിച്ചു. ഒരു കമ്പനി മാത്രമായതിനാല്‍ ആപ്പിലെ തിരക്ക് കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. അതാണ് പേര് രജിസ്റ്റര്‍ ചെയതവര്‍ക്ക് ഒടിപി ലഭ്യമാകാത്തത്. ഈ തകരാറ് പരിഹരിക്കേണ്ടതിനാല്‍ ബെവ് ക്യൂ ആപ്പിൽ നാളത്തേക്കുള്ള ബുക്കിങ് വൈകാനാണ് സാധ്യത.
എന്നാല്‍, ഇന്നു വൈകീട്ടോടെ ഇതിന് തീരുമാനമാകുമെന്നും നാളത്തേക്കുള്ള ബുക്കിങ് ഇന്ന് വൈകീട്ടോടെ ആരംഭിക്കുമെന്നും ഫെയര്‍കോഡ് അധികൃതര്‍ പറയുന്നു.