Mon. Nov 25th, 2024
തിരുവനന്തപുരം:

സംസ്ഥാനം കോവിഡ് സമൂഹ വ്യാപനത്തിന്റെ ആശങ്കയില്‍. സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും പലരുടെയും രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തതും കേരളം സമൂഹ വ്യാപനത്തിന്റെ വക്കിലെന്ന പ്രതീതി ഉണ്ടാക്കുന്നുണ്ട്. ജാഗ്രതയും നിയന്ത്രണങ്ങളും കര്‍ശനമാക്കാതെ നിവൃത്തിയില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

5 ദിവസത്തിനിടെ 273 പുതിയ രോഗികള്‍. അതില്‍ തന്നെ 32 പേര്‍ക്ക് രോഗം പടര്‍ന്നത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ ആരോഗ്യപ്രവര്‍ത്തകരും പൊലീസുകാരും റിമാന്‍ഡ് പ്രതികളും വരെയുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു. എന്നാല്‍ രോഗവ്യാപനത്തിന്റെ നിരക്ക് ഇതേപോലെ തുടരുകയും കൂടുതല്‍ പേര്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്യുന്ന സാഹചര്യത്തിലേ സമൂഹവ്യാപനമെന്ന് പറയാനാവൂ. പ്രവാസികളുടെ മടങ്ങിവരവ് അവസാനിക്കുന്ന മുറയ്ക്ക് പുതിയ രോഗികളുടെ എണ്ണം കുറയുമെന്ന് തന്നെയാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ.

എങ്കിലും ജാഗ്രത കൈമോശം വന്നാല്‍ കാര്യങ്ങള്‍ കൈവിട്ടേക്കാം. ലോക്ഡൌണ്‍ ഇളവുകള്‍ പ്രാബല്യത്തിലായതോടെ ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലായി. മാസ്ക് ധരിക്കുന്നതിലെ കണിശത കൈവിടുന്നു. സാമൂഹിക അകലം മാഞ്ഞുതുടങ്ങി. ഇതോടെയാണ് പൊലീസിനോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ മിന്നല്‍ പരിശോധനയും ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയും വരും ദിവസങ്ങളിലുണ്ടാകും. ക്വാറന്റീന്‍ ലംഘിക്കുന്നവരെ സര്‍ക്കാര്‍ കേന്ദ്രങ്ങളിലാക്കും.