അമേരിക്ക:
അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷവും ലോകത്ത് കോവിഡ് മരണസംഖ്യ മൂന്നര ലക്ഷവും കടന്നു. ലോകത്തെ ആശങ്കയിലാഴ്‍ത്തി ബ്രസീലിലും മരണസംഖ്യ വര്‍ധിക്കുകയാണ്. ഇന്നലെ മാത്രം 1027 ആളുകളാണ് ബ്രസീലില്‍ മരിച്ചത്. ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷത്തിനോടടുക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 768 ആളുകളാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 1,00,573 ആയി. 19000ത്തിലധികം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 17ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ചത്. എങ്കിലും സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലോക്ഡൊണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയിരിക്കുകയാണ് ഭരണകൂടം. ന്യൂയോര്‍ക്ക് ഓഹരി വിപണിയടക്കം പ്രവര്‍ത്തനം പുനരാരംഭിച്ചു.
അമേരിക്ക കഴിഞ്ഞാല്‍ രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ള ബ്രസീലില്‍ മരണസംഖ്യ 24512 ആയി. ലോകത്ത് ഇന്നലെ കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടമായത് ബ്രസീലിലാണ്. 1027 ആളുകളാണ് ബ്രസീലില്‍ മരിച്ചത്. റഷ്യയിലും രോഗവ്യാപനത്തില്‍ കുറവില്ല.. 9000 ത്തിലധികം കേസുകളും 174 മരണങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടണില്‍ 134 ഉം സ്പെയിനില്‍ 280 പേരും ഇന്നലെ മരിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതിനെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയെങ്കിലും, പല യൂറോപ്യന്‍ രാജ്യങ്ങളും ഇളവുകള്‍ പ്രാഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 15 ഓടെ 31 യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള യാത്രാ നിയന്ത്രണങ്ങള്‍ നീക്കാന്‍ ജര്‍മനി തീരുമാനിച്ചു. സ്പെയിനിലെ ടൂറിസം മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ ജുലൈ മുതല്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. ബ്രിട്ടണില്‍ അവശ്യ സര്‍വീസുകള്‍ അല്ലാത്തവക്കും ജൂണ്‍ 15 മുതല്‍ പ്രവര്‍ത്തിക്കാമെന്നും ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തെ സ്കൂളുകള്‍ തുറക്കുമെന്നും ബ്രീട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.