Mon. Dec 23rd, 2024

എറണാകുളം:

ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നൽ മുരളി’ എന്ന ചിത്രത്തിന് വേണ്ടി കാലടി മണപ്പുറത്ത് ഒരുക്കിയ ക്രിസ്ത്യൻ പള്ളി സെറ്റ് തകർത്ത സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. സന്ദീപ്, ഗോകുല്‍, രാഹുല്‍ എന്നിവരാണ് പിടിയിലായത്. മൂന്നു പേരും രാഷ്ട്രീയ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ്.

ഗൂഢാലോചന അടക്കമുള്ള സംഭവത്തിന് അന്വേഷണം അഖില ഹിന്ദു പരിഷത്തിലേക്ക് വ്യാപിപ്പിക്കാനാണ് പോലീസ് തീരുമാനം. സംഭവത്തില്‍ രാഷ്ട്രീയ ബജ്രംഗ് ദള്‍ ജില്ലാ പ്രസിഡന്റ് കാരി രതീഷിനെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലടിയില്‍ സനല്‍ എന്നയാളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലുൾപ്പെടെ നിരവധി കേസുകളിൽ രതീഷ് പ്രതിയായിരുന്നു.

മഹാശിവരാത്രി ആഘോഷം നടക്കുന്ന മണപ്പുറത്ത് ക്രിസ്ത്യൻ പള്ളി മാതൃക പണിഞ്ഞത് മതവികാരം വ്രണപ്പെടുത്തി എന്ന ആരോപിച്ചായിരുന്നു സെറ്റ് അക്രമികൾ തകർത്തത്. സെറ്റ് തർക്കുന്ന ചിത്രങ്ങൾ അവർ തന്നെ പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ സിനിമ സാംസ്‌കാരിക മേഖലയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്.

By Arya MR