Mon. Dec 23rd, 2024

തിരുവനന്തപുരം:

ഇന്ന് ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കുട്ടികളുമായി എത്തുന്ന ബസ്സുകള്‍ക്ക് സ്‌കൂള്‍ കോമ്പൗണ്ടിനകത്തേയ്ക്ക് പ്രവേശിക്കാവുന്നതാണ്. ഇതിന് സൗകര്യമില്ലാത്ത സ്‌കൂളുകളില്‍ ഗേറ്റിന് 100 മീറ്റര്‍ മുന്‍പായി ബസ് നിര്‍ത്തി കുട്ടികളെ ഇറക്കിയശേഷം അവരെ സാമൂഹ്യ അകലം പാലിച്ച് അച്ചടക്കത്തോടെ വരി വരിയായി പരീക്ഷാഹാളിലേയ്ക്ക് കൊണ്ടുപോകണം. മറ്റ് വാഹനങ്ങളില്‍ എത്തുന്ന കുട്ടികള്‍ ഗേറ്റിന് 100 മീറ്റര്‍ മുന്‍പുതന്നെ വാഹനം നിര്‍ത്തി ഇറങ്ങി പരീക്ഷാഹാളിലേയ്ക്ക് പോകണം.

കുട്ടികളുമായി വരുന്ന വാഹനത്തിലെ ഡ്രൈവറോ മാതാപിതാക്കളോ സ്‌കൂളിലേയ്ക്ക് പ്രവേശിക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. പരീക്ഷ നടക്കുന്ന സ്കൂളിന് മുന്നില്‍ മാതാപിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടിയെടുക്കുമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. പരീക്ഷ എഴുതി തീരുന്നവതുവരെ രക്ഷിതാക്കള്‍ കാത്ത് നില്‍ക്കാതെ മടങ്ങി പോകണം. കുട്ടിയെ തിരികെ കൊണ്ടുപോകാനായി പരീക്ഷ കഴിയുമ്പോള്‍ വീണ്ടും വന്നാല്‍ മതിയാകും. പരീക്ഷാകേന്ദ്രങ്ങള്‍ക്കു മുന്നിലെ തിരക്ക് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനുമാണ് ഈ നിര്‍ദേശം.

അതേസമയം, പരീക്ഷ കഴിഞ്ഞാല്‍ കുട്ടികളെ ഒരുമിച്ച് പരീക്ഷഹാളിന് പുറത്തേക്ക് വിടരുത്. സാമൂഹ്യ അകലം പാലിച്ച് വരി വരിയായി വേണം കുട്ടികളെ പുറത്തേക്ക് കൊണ്ടുപോകാന്‍.

By Binsha Das

Digital Journalist at Woke Malayalam