എറണാകുളം:
ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നൽ മുരളി’ എന്ന ചിത്രത്തിന്റെ സെറ്റ് സാമൂഹിക വിരുദ്ധർ തല്ലി തകർത്തതിൽ വൻ പ്രതിഷേധമാണ് ഇപ്പോൾ സിനിമാരംഗത്ത് നിന്നും ഉയരുന്നത്. കാലടി മണപ്പുറത്ത് ചിത്രത്തിന്റെ ക്ളൈമാക്സ് രംഗത്തിനായി ലക്ഷങ്ങൾ മുടക്കി ഒരുക്കിയ ഒരു ക്രിസ്തീയ ദേവാലയ മാതൃകയാണ് അഖില ഹിന്ദു പരിഷത്തിൻ്റെ പ്രവർത്തകർ തല്ലി തകർത്തത്. മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതിയുടെ അനുമതിയോടെയായിരുന്നു സിനിമാ സംഘം സെറ്റ് ഇട്ടത്. ചിത്രത്തിന്റെ നിർമ്മാതാവ് സോഫിയ പോളിന്റെ പരാതിയിൽ അഞ്ച് അഖില ഹിന്ദു പരിഷത്ത് പ്രവർത്തകർക്കെതിരെ കേസെടുത്തു.
ടോവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലോക്ക് ഡൗൺ കാരണം മുടങ്ങിക്കിടക്കുകയായിരുന്നു. ക്ലൈമാക്സ് ഷൂട്ടിനു വേണ്ടി ആക്ഷൻ കോറിയോഗ്രാഫർ വ്ലാഡ് റിംബർഗിന്റെ നിർദ്ദേശപ്രകാരം ആർട്ട് ഡയറക്ടർ മനു ജഗദും ടീമും മാസങ്ങൾ കഷ്ടപ്പെട്ടാണ് സേട്ടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ക്രിസ്തീയ ദേവാലയത്തിന്റെ സെറ്റ് അഖില ഹിന്ദു പരിഷത്തിൻ്റെ പ്രവർത്തകർ തകർക്കുകയും അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയുമാണ് ചെയ്തത്.
സെറ്റ് തകർത്തതിന് പിന്നിൽ വർഗീയ വാദികളാണെന്നും വടക്കേ ഇന്ത്യയിൽ മാത്രമാണ് ഇത്തരത്തിൽ മതഭ്രാന്തിന്റെ പേരിൽ ഷൂട്ടിങ് ലൊക്കേഷനുകളിലും മറ്റും ആക്രമണങ്ങൾ നടക്കുന്നതിനെ കുറിച്ച് കേട്ടിട്ടുള്ളതെന്നും ടൊവിനോ തോമസ് പ്രതികരിച്ചു. ഒരുപാട് ആളുകളുടെ അധ്വാനവും നിർമ്മാതാവിന്റെ പണവും കുറെ പേരുടെ സ്വപ്നവുമാണ് ഇവർ നശിപ്പിച്ചതെന്ന് സംവിധായൻ ബേസിൽ ജോസഫ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇന്ന് പള്ളിയുടെ സെറ്റ് പൊളിച്ചവർ നാളെ യഥാർത്ഥ മുസ്ലിം, ക്രിസ്ത്യൻ പള്ളികളും പൊളിക്കുമെന്നും അതിനാൽ ഇത്തരത്തിലുള്ള വർഗീയ വാദികൾക്കെതിരെ കടുത്ത നിയമനടപടികൾ തന്നെ വേണമെന്നും സംവിധായകൻ ഡോ. ബിജു പ്രതികരിച്ചു. പള്ളി പൊളിക്കുന്നതിന്റെ ചിത്രങ്ങളും തങ്ങളുടെ പേരുകൾ ഉൾപ്പടെ അക്രമികൾ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയത് അവരുടെ മണ്ടത്തരമായയല്ല മറിച്ച് അവർ കേരളത്തിലെ നിയമ സംവിധാനത്തെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത്തരം തീവ്രവാദികൾ നാടിന്റെ ശാപമാണെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ എടുക്കണമെന്നും സംവിധായകൻ എംഎ നിഷാദ് ആവശ്യപ്പെട്ടു.