ചണ്ഡീഗഡ്:
ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് സീനിയര്‍ (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചണ്ഡീഗഡിലെ സ്വകാര്യ ആശുപത്രിയിലാരുന്നു അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്.
ഒളിംപിക്സിൽ ഇന്ത്യയ്ക്കായി മൂന്ന് തവണ സ്വർണം നേടിയിട്ടുള്ള താരമാണ് ബല്‍ബീര്‍ സിംഗ്. കൂടാതെ ഒളിമ്പിക്സ് പുരുഷ ഹോക്കി ഫൈനലിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന ബഹുമതി കൂടിയുണ്ട് അദ്ദേഹത്തിന്. 1952 ഹെൽസിങ്കി ഒളിമ്പിക്സിൽ നെതർലൻഡ്സിനെതിരായ മത്സരത്തിൽ അഞ്ച് ഗോളുകൾ അടിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് ബല്‍ബീര്‍ സിംഗായിരുന്നു.
അന്ന് ഇന്ത്യ 6-1നായിരുന്നു ജയിച്ചത്. 1948, 1956 ഒളിമ്പിക്സുകളിൽ സ്വർണം നേടിയ ടീമിലെയും നിർണായക സാന്നിധ്യമായിരുന്നു അദ്ദേഹം. 1958 ടോക്കിയോ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡലും അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1975-ൽ ഹോക്കി ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ പരിശീലകൻ കൂടിയായിരുന്നു ബല്‍ബീര്‍. 1957 ൽ രാജ്യം അദ്ദേഹത്തിന്റെ പദ്മശ്രീ നൽകി ആദരിച്ചു.