തിരുവനന്തപുരം:
സംസ്ഥാനത്തെ 40 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളെ ഓൺലൈനായി പഠിപ്പിക്കുക എന്ന വലിയ ഉദ്യമമാണ് വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഹൈസ്കൂൾ മുതലുളള വിദ്യാർത്ഥികൾക്ക് ദിവസം രണ്ട് മണിക്കൂറെങ്കിലും ക്ലാസ് ഉറപ്പാക്കാനാണ് ശ്രമം. കൈറ്റിന് കീഴിലുളള വിക്ടേഴ്സ് ചാനലാണ് ക്ലാസുകൾ ഒരുക്കാനുള്ള സർക്കാരിന്റെ പ്രധാന ആശ്രയം. ടിവിയിലൂടെയും യൂട്യൂബിലൂടെയും സമഗ്രശിക്ഷ പോർട്ടൽ വഴിയും ക്ലാസുകൾ കാണാം. ഒന്നാം ക്ലാസുകാർക്കും പ്ലസ് വൺകാർക്കും ക്ലാസ് ഉണ്ടാകില്ല. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും പ്ലസ്ടു വിദ്യാർത്ഥികൾക്കും ദിവസം നാലോ അഞ്ചോ വിഷയങ്ങളിൽ ക്ലാസ് ഉറപ്പിക്കും. ടി വി, ഇന്റർനെറ്റ് സൗകര്യമില്ലാത്തവരെ സ്കൂളുകളിൽ എത്തിച്ച് ഓൺലൈനായി ക്ലാസ് കേൾപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.