Wed. Dec 18th, 2024
മുംബൈ:

കൊവിഡ് ബാധിതരുടെ എണ്ണം 41,000 പിന്നിട്ട സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം കിടക്കകളുടെ നിയന്ത്രണം മഹാരാഷ്ട്ര സര്‍ക്കാര്‍ ഏറ്റെടുത്തു. സ്വകാര്യ ആശുപത്രികള്‍ ചികിത്സക്കായി രോഗികളില്‍ നിന്നും ഭീമമായ തുക വാങ്ങുന്നതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ചികിത്സ നിരക്കുകള്‍ സര്‍ക്കാര്‍ ഏകീകരിച്ചിട്ടുണ്ട്.

ഏറ്റെടുത്ത ബെഡിലെ രോഗികളില്‍ നിന്നും വാങ്ങാവുന്ന ബില്‍ തുകയെക്കുറിച്ചും വ്യാഴാഴ്ച രാത്രി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ശേഷിക്കുന്ന 20 ശതമാനം ബെഡുകളില്‍ ആശുപത്രിക്കാര്‍ക്ക് അവരുടെ ചാര്‍ജുകള്‍ ഈടാക്കാം. ഐസൊലേഷന്‍ ബെഡുകള്‍ക്ക് 4000, ഐ സി യു ബെഡുകള്‍ക്ക് 7500, വന്റെിലേറ്റര്‍ സൗകര്യമുള്ള ഐ സി യു ബെഡുകള്‍ക്ക് 9000 രൂപ വീതം മാത്രമാണ് ഈടാക്കാനാകുക.

ഇരുവിഭാഗം ബെഡുകളിലുമായി നല്‍കുന്ന ചികിത്സയുടെ ഗുണനിലവാരത്തില്‍ മാറ്റങ്ങളുണ്ടാകരുതെന്ന് നിര്‍ദേശമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 2345 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 41642 ആയി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സംസ്ഥാനത്ത് പുതിയ കേസുകളുടെ എണ്ണം 2000ല്‍ കൂടുന്നത്.