Wed. Jan 15th, 2025
തിരുവനന്തപുരം:

കൊവിഡ് പരിശോധനയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റ് വിപണിയില്‍. കൊച്ചി ആസ്ഥാനമായ ആഗാപ്പേ ഡയഗനോസ്റ്റിക്‌സ് ലിമിറ്റഡുമായി ചേര്‍ന്നാണ് കിറ്റ് വിപണിയില്‍ എത്തിക്കുന്നത്. അഗാപ്പെ ചിത്ര മാഗ്ന എന്നാണ് കിറ്റിന് പേരിട്ടിരിക്കുന്നത്. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റും നീതി ആയോഗ് അംഗവുമായ ഡോ. വികെ സരസ്വത് കിറ്റ് വിപണിയില്‍ ഇറക്കുന്നതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

കൊവിഡ് 19 കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ക്ക് ആര്‍എന്‍എ വേര്‍തിരിക്കുന്നതിനും മറ്റ് പിസിആര്‍ അടിസ്ഥാന പരിശോധകള്‍ക്കും കിറ്റ് ഉപയോഗിക്കാം. കൊവിഡ് പരിശോധന ഫലം വൈറസിന്‍റെ ആര്‍എന്‍എ ആശ്രയിച്ചാണ്. ഈ സാഹചര്യത്തില്‍ രോഗം സ്ഥിരീകരിക്കുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിനും കിറ്റ് സഹായിക്കും.

ഡോ. അനുപ് കുമാര്‍ തെക്കുവീട്ടിലിന്‍റെ നേതൃത്വത്വത്തില്‍ വികസിപ്പിച്ച കിറ്റിന് ഐസിഎംആറിന്‍റെയും കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെയും അനുമതി ലഭിച്ചതോടെ കിറ്റ് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മാണം ആരംഭിച്ചത്. 150 രൂപയാണ് കിറ്റിന്‍റെ വില.