തിരുവനന്തപുരം:
കൊവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും കൊവിഡ് ഇതര ചികിത്സകളും ഉറപ്പാക്കും. ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.
ഇതോടെ ഒപികള്‍ നിശ്ചിത സമയങ്ങളില്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിച്ചു തുടങ്ങും. 45 മിനുട്ടില്‍ ഫലം കിട്ടുന്ന കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷമായിരിക്കും ശസ്ത്രക്രിയകള്‍ നടത്തുക. ടെലി മെഡിസിന്‍ സംവിധാനത്തിന്റെ സഹായത്തോടെയായിരിക്കും തുടര്‍ ചികിത്സ നടത്തുക.
കൊവിഡ്, കൊവിഡ് ഇതര ചികിത്സയ്ക്കായി ജീവനക്കാരെ രണ്ടായി തരം തിരിച്ചു കൊണ്ടാണ് പ്രവര്‍ത്തനം ആരംഭിക്കുക. ആദ്യമായി ചികിത്സയ്ക്ക് എത്തുന്നവര്‍ക്കും തുടര്‍ ചികിത്സയ്ക്ക് എത്തുന്നവര്‍ക്കും പ്രത്യേക ഒപി സജ്ജീകരിക്കും. ഗര്‍ഭിണികളുടെതടക്കം സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സ ഒരു തരത്തിലും മുടക്കില്ല. അതേസമയം അടിയന്തരമല്ലാത്ത ചികിത്സകള്‍ക്കായി മറ്റു ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന സംവിധാനം ഒരുക്കും.
അസുഖത്തിന്റെ സ്വഭാവമനുസരിച്ച് മുന്‍ഗണനാക്രമത്തിലും അടിയന്തരമായി ആവശ്യമുള്ളതുമായ ശസ്ത്രക്രിയകളും ആരംഭിച്ചിട്ടുണ്ട്. കീമോ തെറാപ്പിയും മറ്റു അര്‍ബുദ രോഗ ചികിത്സകളും ശസ്ത്രക്രിയകളും മുടക്കില്ല. മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗവും അത്യാഹിത വിഭാഗവും കൊവിഡ് ഇതര രോഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനും നിര്‍ദേശമായിട്ടണ്ട്. അതേസമയം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായാല്‍ നിലവിലെ സൗകര്യങ്ങളില്‍ ഏറിയ പങ്കും കൊവിഡ് ചികിത്സയ്ക്കായി മാറ്റിവെക്കാനും തീരുമാനമായി.