തിരുവനന്തപുരം:
അംഫാന്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചിമ ബംഗാളിനേയും ഒഡീഷയേയും സഹായിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ത്ഥിച്ചു. ചുഴലിക്കാറ്റുണ്ടാക്കിയ നാശ നഷ്ടത്തെ മറികടക്കാന്‍ ഇരു സംസ്ഥാനങ്ങള്‍ക്കും കേരളത്തിന്റെ എല്ലാ സഹായവും പിന്തുണയും നല്‍കും.
പ്രതിസന്ധിയെ മറികടക്കാന്‍ പൊരുതുന്നവര്‍ക്ക് സംസ്ഥാനത്തിന്റെ ഐക്യദാര്‍ഢ്യം അറിയിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനും കത്തയച്ചു. ബംഗാളില്‍ ചുഴലിക്കാറ്റ് വന്‍ നാശ നഷ്ടമാണ് ഉണ്ടാക്കിയത്. ബംഗാളില്‍ ജനജീവിതത്തെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. നിരവധി മനുഷ്യ ജീവനുകളും നഷ്ടമായി. ആയിരങ്ങള്‍ക്ക് കിടപ്പാടവും ജീവനോപാധിയും നഷ്ടമായി.
കോവിഡ് -19 മഹാമാരിയെ നേരിടുന്നതിനിടയിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. ഒഡീഷയിലും ദുരന്തം ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. പശ്ചിമ ബംഗാളിനും ഒഡീഷയ്ക്കും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി എല്ലാ സഹായവും ലഭ്യമാക്കണം.
ബംഗാളിലേയും ഒഡീഷയിലേയും ജനത നേരിടുന്ന വേദനയുടെയും നഷ്ടങ്ങളുടെയും ആഴം എന്തെന്ന് ഈയടുത്ത കാലത്ത് സമാനമായ പ്രകൃതി ദുരന്തങ്ങളിലൂടെ കടന്നുപോയ കേരളത്തിന് മനസ്സിലാക്കാന്‍ സാധിക്കും. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും അവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.