Sun. Feb 23rd, 2025
കണ്ണൂര്‍:

കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ ഇളവുകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് ജില്ലാ കലക്ടര്‍ ടിവി സുഭാഷ് അറിയിച്ചു. കച്ചവട സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും മാസ്‌ക് ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ആളുകള്‍ കൂട്ടം കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ പുതിയ ഉത്തരവിറക്കിയത്. കച്ചവട സ്ഥാപനങ്ങള്‍  നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ മേധാവികള്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം ഉത്തരവില്‍ പറയുന്നു.

വിദേശത്ത് നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും വരുന്നവര്‍ 14 ദിവസത്തെ സര്‍ക്കാര്‍ നിരീക്ഷണത്തിന് ശേഷം വീട്ടിലും 14 ദിവസം നിര്‍ബന്ധമായും നിരീക്ഷണത്തില്‍ ഇരിക്കണമെന്ന്  ജില്ലാ കളക്ടര്‍ ടിവി സുഭാഷ് അറിയിച്ചു.  തളിപ്പറമ്പ്, തലശ്ശേരി സബ് കലക്ടര്‍മാര്‍ക്കാണ് നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ മേല്‍നോട്ട ചുമതല.

ഇന്ന് 12 പേര്‍ക്കാണ് കണ്ണൂരില്‍ വൈറസ് ബാധ് സ്ഥിരീകരിച്ചത്. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗികള്‍ ഉള്ളത് കണ്ണൂര്‍ ജില്ലയിലാണ്.

By Binsha Das

Digital Journalist at Woke Malayalam