ന്യൂഡല്‍ഹി:
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അംഫാന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ വന്‍ നാശനഷ്ടം. കൊല്‍ക്കത്തയിലെ വിവിധയിടങ്ങളില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൊല്‍ക്കത്ത വിമാനത്താവളം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. വിമാനത്താവളത്തിന്റെ മേല്‍ക്കൂര വരെ വെള്ളമെത്തിയെന്നാണ് വിവരം. നിരവധി വീടുകളും കൃഷിഭൂമിയും വെള്ളത്തിനടിയിലായി.
കനത്ത മഴയ്ക്ക് പിന്നാലെ നഗരത്തില്‍ വീശിയടിച്ച കാറ്റില്‍ കൊല്‍ക്കത്ത നഗരത്തിലെ ട്രാന്‍സ്‌ഫോമര്‍ കത്തിയമര്‍ന്നു. നഗരത്തിലടക്കം ഇപ്പോള്‍ വൈദ്യുതിയില്ല. മരങ്ങൾ വൻതോതിൽ കടപുഴകി വീണ് പലയിടത്തും ഗതാഗതം സ്തംഭിച്ചു.
മണിക്കൂറിൽ 160 – 190 കിലോമീറ്റർ വേഗത്തിലാണ് ചുഴലി കരയിലെത്തിയത്. വടക്ക്, വടക്കുകിഴക്കൻ ഭാഗത്തേക്കു നീങ്ങുന്ന അംഫാന്‍ കൊൽക്കത്തയുടെ കിഴക്കൻ മേഖലയിലൂടെ കടന്നു പോകും.