Wed. Nov 6th, 2024
കൊല്‍ക്കത്ത:

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അംഫാന്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുന്നു. 165 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ബംഗാളിലും ഒഡിഷയിലുമായി ഇതുവരെ 12 പേര്‍ മരിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപൊത്തി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്.

കൊല്‍ക്കത്തയിലും ദക്ഷിണ ബംഗാളിലുമാണ് ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കിയത്. ജാഗ്രതയുടെ ഭാഗമായി കൊല്‍ക്കത്തിയലെ മേല്‍പ്പാലങ്ങള്‍ അടച്ചിരിക്കുകയാണ്. നാളെ രാവിലെ 5 വരെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നുള്ള അവശ്യ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളാണ് ബംഗാളിലും ഒഡീഷയിലുമായുള്ളത്.

രക്ഷാ പ്രവര്‍ത്തനത്തിനായി നാവിക സേനയുടെ 20 സംഘവും ദുരന്തമുഖത്തുണ്ട്. അതെസമയം, ചുഴലിക്കാറ്റിന്‍റെ ഭാഗമായി രാജ്യത്തിന്റെ മധ്യ, ഉത്തര മേഖലകളില്‍ ഉഷ്ണക്കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉഷ്ണക്കാറ്റു മൂലം തുടര്‍ന്നുള്ള ദിവസങ്ങളില്‍ താപനില നാലു ഡിഗി വരെ വര്‍ദ്ധിച്ചേക്കാമെന്നും അറിയിപ്പില്‍ പറയുന്നു.