ദുബായ്:
കൊവിഡുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പിഴകള്‍ പുതുക്കി യുഎഇ. കോവിഡുള്ളവരെ തിരിച്ചറിയാന്‍ തയാറാക്കിയ ട്രേസ് കോവിഡ് ആപ് ഡൗണ്‍ലോഡ് ചെയ്യാത്ത കോവിഡ് ബാധിതരില്‍നിന്ന് ഉള്‍പ്പെടെ പിഴ ഈടാക്കാനാണ് പുതിയ തീരുമാനം.
500 മുതല്‍ 50,000 ദിര്‍ഹം വരെ പിഴയീടാക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. നിരോധനം ലംഘിച്ച് സ്കൂള്‍, ജിം, തിയറ്റര്‍, പാര്‍ക്ക്, പൂള് എന്നിവ അനുവദനീയമല്ലാത്ത സമയത്ത് പ്രവര്‍ത്തിച്ചാല്‍ 50,000 ദിര്‍ഹമാണ് പിഴ, ട്രേസ് കൊവിഡ് ആപ്പ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ 20,000 ദിര്‍ഹവും, നിര്‍ദിഷ്ട സ്ഥലങ്ങളില്‍ തെര്‍മല്‍ കാമറ സ്ഥാപിക്കാത്ത സ്ഥാപനങ്ങള്‍ 20,000 ദിര്‍ഹവും പിഴ അടക്കണം.
പാര്‍ട്ടിയോ കൂടിച്ചേരലോ ഒരുക്കിയാല്‍ ആതിഥേയന് 10,000 ദിര്‍ഹവും, അതിഥികള്‍ 5000 ദിര്‍ഹം വീതവും പിഴ അടക്കണം. കാറില്‍ മൂന്നില്‍ കൂടുതല്‍ ആളുകള്‍ സഞ്ചരിച്ചാലും, മാസ്കില്ലാതെ സഞ്ചരിച്ചാലും 3000 ദിര്‍ഹം പിഴ ഈടാക്കും. ക്വാരന്റൈന് ലംഘിച്ചാല്‍ 50,000 ദിര്‍ഹമാണ് പിഴ. വീണ്ടും ആവര്‍ത്തിച്ചാല്‍ ഒരുലക്ഷം ദിര്‍ഹം പിഴയും ആറുമാസം വരെ തടവും നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ പ്രോസിക്യൂഷന് നടപടികള്‍ നേരിടേണ്ടിയും വരും.