Sun. Nov 17th, 2024
തിരുവനന്തപുരം:

കേരളത്തില്‍ വീണ്ടും പ്രളയസാധ്യയെന്ന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനം പ്രളയം നേരിടാന്‍ മുന്‍കരുതല്‍ നടപടികള്‍ എടുക്കണമെന്നും മന്ത്രാലയ സെക്രട്ടറി ഡോ. എം രാജീവന്‍ ആവശ്യപ്പെട്ടു. ആഗസ്തില്‍ സംസ്ഥാനത്ത് അതിവര്‍ഷത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം വന്നിരിക്കുന്നത്.

ശക്തമായ കാലവര്‍ഷം ഉണ്ടായാല്‍ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകളും സംസ്ഥാനം ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ തന്നെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ ലഭിക്കുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്.

എന്നാല്‍ ഈ മഴ ആഗസ്ത് മാസത്തില്‍ ശക്തി പ്രാപിക്കാനിടയുണ്ടെന്നതാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. ശക്തമായ മഴ അല്ലെങ്കില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്ന് അതിവര്‍ഷം ഉണ്ടാവുമെന്ന് കണക്കാക്കാനാവില്ലെന്ന കാലാവസ്ഥാ വിദഗ്ദ്ധരുടെ വാദവും മറുവശത്തുണ്ട്.

കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ മഴ ഇത്തവണയും ലഭിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയുള്ള കാലത്ത് ഉയര്‍ന്നതോതില്‍ മഴ ലഭിക്കും. ആളുകളെ ഒഴിപ്പിക്കലും ഡാമുകള്‍ തുറക്കുകയും ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരിന് ശ്രദ്ധവേണം. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കണമെന്നും ഡോ. എം രാജീവന്‍ വ്യക്തമാക്കി.

കേരളത്തിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച ഫ്ളഡ് മാപ്പുകള്‍ തയ്യാറാക്കി നല്‍കാന്‍ സംസ്ഥാനം കേന്ദ്ര ജലക്കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ കൊവിഡ് കാലത്ത് ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ടതെങ്ങനെ എന്നത് സംബന്ധിച്ച്‌ രൂപരേഖ ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്.