Mon. Dec 23rd, 2024

ഉത്തര്‍പ്രദേശ്:

കുടിയേറ്റ തൊഴിലാളികൾക്കായുള്ള ബസുകൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയ വിഷയത്തിൽ പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ച് റായ്ബറേലിയിലെ കോൺഗ്രസ് വിമത എംഎൽഎ അദിതി സിങ്. ദുരന്ത സമയത്ത് ഇത്തരത്തിൽ തരംതാഴ്ന്ന രാഷ്ട്രീയം കളിക്കേണ്ട ആവശ്യകത എന്താണെന്ന് ട്വിറ്ററിലൂടെ അദിതി സിങ്‌ ചോദിച്ചു.

ഈ വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയെ വിമര്‍ശിക്കുന്നതിനോടൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ  അതിഥി സിങ് പിന്തുണയ്ക്കുകയും  ചെയ്തു. കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാനായി പ്രിയങ്ക ഗാന്ധി അയക്കാനിരുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും ബസുകളല്ല മറിച്ച് ചെറിയ വാഹനങ്ങളായിരുന്നുവെന്നും അദിതി പരിഹസിച്ചു.

”കോൺഗ്രസ് അയച്ച 1000 ബസുകളുടെ പട്ടികയിൽ പകുതിയിലേറെ രജിസ്ട്രേഷൻ നമ്പറുകളും വ്യാജമാണ്. 297 ബസുകൾ കാലാവധി കഴിഞ്ഞവയാണ്. 98 എണ്ണം ഓട്ടോറിക്ഷികളും ആംമ്പുലൻസുകളുമാണ്. 68 വാഹനങ്ങൾക്ക് യാതൊരു രേഖയുമില്ല. എന്തൊരു ക്രൂരമായ തമാശയാണിത്”- അദിതി സിങ് ട്വീറ്റ് ചെയ്തു.

നേരത്തെ, അതിഥി തൊഴിലാളികൾക്കായി കോൺഗ്രസ്‌ ഒരുക്കിയ 1000 ബസ്സുകളുടെ രജിസ്ട്രേഷന് ലഖ്നൗവിൽ എത്തിക്കണമെന്നും തയ്യാറല്ലെങ്കിൽ ഗാസിയബാദ് – നോയിഡ ജില്ല മജിസ്‌ട്രേറ്റുമാർക്ക് കൈമാറണമെന്നും യോഗി സർക്കാർ പറഞ്ഞിരുന്നു. ബസുകൾ ലഖ്നൗവിൽ എത്തിക്കുക സാധ്യമല്ലെന്നും യോഗി സർക്കാർ നീക്കം മനുഷ്യത്വരഹിതമാണെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചിരുന്നു.

 

 

 

By Binsha Das

Digital Journalist at Woke Malayalam