Sat. Nov 23rd, 2024
തിരുവനന്തപുരം:

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പ്രളയത്തിന്‍റെ വെളിച്ചത്തില്‍ കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.

‘കഴിഞ്ഞ വര്‍ഷമുണ്ടായ കനത്ത മഴയുടെ അനുഭവം നമുക്ക് മുന്നിലുണ്ട്. ഒരു ദിവസത്തെ മഴ കൊച്ചി നഗരത്തെ വെള്ളക്കെട്ടിലാക്കി. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി നേരിട്ട് നടപ്പാക്കിയ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി വെള്ളക്കെട്ടിനെ മോചിപ്പിക്കാനുള്ളതായിരുന്നു.

കൊച്ചിയിലെ വെള്ളക്കെട്ടിന് സ്വാശ്വത പരിഹാരം കാണാന്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ തുടരാനായിരുന്നു സര്‍ക്കാരിന്‍റെ തീരുമാനം. 25 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി. രണ്ട് ഘട്ടത്തിലായുള്ള പദ്ധതിരേഖ ജില്ലാ ദുരന്ത അതോറിറ്റി തയ്യാറാക്കി. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് നടപ്പാക്കാന്‍ തീരുമാനിച്ചത്’.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ആദ്യഘട്ടത്തിലെ 35 പ്രവൃത്തികള്‍ ആരംഭിച്ചു. മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍, ലോക്ക് ഡൗണ്‍ കാരണം അത് നീണ്ടുപോയി. ഓപ്പറേഷന്‍ ബ്രോക്ക് ത്രൂ പ്രവൃത്തികള്‍ ഇപ്പോള്‍ പുനരാരംഭിച്ചു. 23 പ്രവര്‍ത്തികള്‍ ഇതിനകം പൂര്‍ത്തീകരിച്ചു. മെയ് 31നുള്ളില്‍ ഒന്നാംഘട്ടം പൂര്‍ത്തീകരിക്കാനാകും എന്നാണ് പ്രതീക്ഷ.

രണ്ടാംഘട്ടത്തിലെ പദ്ധതികളും ആരംഭിച്ചുകഴിഞ്ഞു. കൊച്ചിയിലെ ജനങ്ങള്‍ക്ക് വെള്ളക്കെട്ടിന് സ്വാശ്വത പരിഹാരം ഉണ്ടാക്കാന്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.