Sat. Apr 20th, 2024
ചെന്നൈ:

ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടന്നതോടെ തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള ഹോട്ട് സ്‌പോട്ടുകളില്‍ രോഗബാധിതരുടെ എണ്ണം കൂടുകയാണ്. നേരത്തെ നഗരം മുഴുവന്‍ രോഗ ബാധിതരുണ്ടായിരുന്നെങ്കിലും 6 സോണുകളില്‍ മാത്രമാണ് രോഗ വ്യാപനം വന്‍ തോതിലുണ്ടായിരുന്നത്. ഇതുവരെ രോഗ വ്യാപനം കുറവായിരുന്ന ദക്ഷിണ ചെന്നൈയിലെ അഡയാര്‍, ഷോളിംഗനല്ലൂര്‍ തുടങ്ങിയ മേഖലകളില്‍ അതിവേഗം രോഗികളുടെ എണ്ണം വര്‍ധിക്കുന്നതാണു ആശങ്ക സൃഷ്ടിക്കുന്നത്.

ഹോട്ട്സ്‌പോട്ടായ ചെന്നൈയില്‍ രോഗികളുടെ എണ്ണം 7,000 കടന്നു. ഇന്നലെ മാത്രം 364 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 7,117 ആയി. സംസ്ഥാനത്ത് ഇന്നലെ ആകെ 536 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ രോഗ ബാധിതര്‍ 11,760 ആണ്. അമ്പത്തൂരില്‍ 317 രോഗികളായി.

കൊവിഡ് ഹോട്ട്‌സ്‌പോട്ടായ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് വ്യാപനം ഉണ്ടായതിന് പുറമേ അന്യസംസ്ഥാനത്ത് നിന്ന് എത്തിയവരിലും രോഗ ബാധ സ്ഥിരീകരിച്ചതോടെയാണ് പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിച്ചത്. സേലം, കരൂര്‍, ശിവഗംഗ, വിരുദു നഗര്‍ തുടങ്ങി പൂര്‍ണമായി രോഗമുക്തി നേടിയ ജില്ലകളില്‍ പുറത്തുനിന്നെത്തിയവര്‍ വഴി വീണ്ടും രോഗമെത്തി. വിദേശത്തു നിന്നെത്തി ക്വാറന്റീനിലായിരുന്ന 5 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.