Thu. Dec 19th, 2024
ന്യൂ ഡല്‍ഹി:

അംഫാന്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് പശ്ചിമ ബംഗാളിലും ഒഡിഷയിലും കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലെ പാരദ്വീപ് മേഖലയില്‍നിന്ന് കരയിലേക്ക് നീങ്ങുന്ന കൊടുങ്കാറ്റ് ബുധനാഴ്ചയോടെ ബംഗാള്‍ തീരത്തെ തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഡിഷയിലും ബംഗാളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒഡിഷയില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 17 സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 11 ലക്ഷം ആളുകളെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ഏത് സാഹചര്യത്തെയും നേരിടാന്‍ ഒരുക്കം പൂര്‍ത്തിയായതായി പശ്ചിമ ബംഗാള്‍ ആഭ്യന്തര സെക്രട്ടറി ആലാപന്‍ ബദ്ധോപാധ്യായ പറഞ്ഞു.

കേരളം ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിലില്ലെങ്കിലും ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്‍റെ സ്വാധീനം കൂടി പരിഗണിച്ചുകൊണ്ട് തിരുവനന്തപുരം ഒഴികെയുള്ള പതിമൂന്ന് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.