Wed. Jan 22nd, 2025
ലക്നൗ:

 
ഉത്തർപ്രദേശിലെ ഔരയ ജില്ലയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് അപകടം. രാജസ്ഥാനില്‍ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. മുപ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിലും കുടിയേറ്റതൊഴിലാളികൾ സഞ്ചരിച്ച വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. ഇതോടെ ലോക്ക്ഡൌൺ കാലയളവില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിവിധ അപകടങ്ങളിൽപ്പെട്ട് മരിച്ച തൊഴിലാളികളുടെ എണ്ണം 100 കവിഞ്ഞു.

അതേ സമയം, മലയാളി കുടുംബം സഞ്ചരിച്ച വാഹനം തെലങ്കാനയിൽ അപകടത്തിൽപ്പെട്ട് ഒന്നര വയസ്സുകാരിയുൾപ്പെടെ മൂന്ന് പേർ മരിച്ചിരുന്നു. കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ്, മകൾ അനാലിയ, ഡ്രൈവർ മംഗ്ലൂരു സ്വദേശി സ്റ്റാലി എന്നിവരാണ് മരിച്ചത്. അനീഷിന്റെ ഭാര്യയും മൂത്തകുട്ടിയും ഗുരുതരപരിക്കുകളോടെ ആശുപത്രിയിലാണ്. ബീഹാർ വാസ്‌ലിഗഞ്ചിൽ സെന്റ് തെരേസാസ് സ്കൂളിൽ അധ്യാപകനായ അനീഷും കുടുംബവും സഞ്ചരിച്ച കാര്‍ നിസാമാബാദിൽ വെച്ച് ട്രക്കിന് പുറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.