Mon. Nov 25th, 2024
ന്യൂ ഡല്‍ഹി:

കൊവിഡ് പ്രതിസന്ധി മറികടക്കാൻ ഇന്ത്യക്ക് സഹായവുമായി ലോകബാങ്ക്. നൂറ് കോടി ഡോളര്‍ സഹായമാണ് ലോക ബാങ്ക് അനുവദിച്ചത്. 7500കോടി ഡോളറിന്‍റെ പാക്കേജാണ് ലോക ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്‍റെ ഭാഗമായാണ് ഇന്ത്യക്ക് സഹായം. സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾക്കായാണ് തുക വിനിയോഗിക്കേണ്ടത്.

കൊവിഡ് കാലത്ത് ആരോഗ്യ മേഖലയിലെ ഇടപെടലുകൾക്കായിരുന്നു ലോക ബാങ്കിന്‍റെ ആദ്യ പദ്ധതി. 7500 കോടി ഡോളറാണ് അതിനും ലോക ബാങ്ക് മാറ്റി വച്ചത്. സമാനമായ തുക ഏപ്രിൽ നാലിന് ഇന്ത്യക്ക് ലഭിച്ചിരുന്നു. പരിശോധന കിറ്റുകൾ അടക്കം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കാണ് ആ തുക വിനിയോഗിക്കേണ്ടത്.

സാമൂഹിക സുരക്ഷക്ക് അനുവദിച്ച 100 കോടി ഡോളര്‍ സഹായം നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികൾക്കുള്ള പദ്ധതികൾക്കാണ് വിനിയോഗിക്കേണ്ടത്. മൂന്നാം ഘട്ടമെന്ന നിലയിൽ ചെറുകിട ഇടത്തരം മേഖലയെ സഹായിക്കുന്ന ഒരു പാക്കേജിന്‍റെ പ്രഖ്യാപനവും ലോക ബാങ്ക് നടത്തുമെന്നാണ് വിവരം.