Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന ശൈലി ശരിയല്ലെന്നും കേന്ദ്രമാനദണ്ഡങ്ങള്‍ കേരളം പാലിക്കുന്നില്ലെന്നുമുള്ള കേന്ദ്രവിദേശ കാര്യസഹമന്ത്രി വി മുരളീധരന്റെ പ്രസ്താവനക്ക് മറുപടിയുമായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പുറത്തുനിന്ന് വരുന്നവരെ സ്വീകരിക്കാന്‍ തങ്ങള്‍ സന്നദ്ധരാണ് എന്ന് തന്നെയാണ് കേരളം പറഞ്ഞതെന്നും എന്നുകരുതി പ്രളയകാലത്ത് ആളുകളെ കൊണ്ടുവന്നതുപോലെ ഈ ഘട്ടത്തില്‍ ചെയ്യാന്‍ സാധിക്കില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ഓരോരുത്തരേയും കൃത്യമായി ക്വാറന്റൈന്‍ ചെയ്യാന്‍ കഴിയുന്ന തരത്തില്‍ മുന്നൊരുക്കത്തോടെയാണ് സംസ്ഥാനം കാര്യങ്ങള്‍ ചെയ്യുന്നത്. രണ്ടുലക്ഷം ആളുകളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞാല്‍ രണ്ട് ലക്ഷം ആളുകളെ ഒന്നിച്ച് കൊണ്ടുവന്ന് ഇവിടെ ഇടുകയാണോ വേണ്ടത്. ഓരോരുത്തരേയും ക്വാറന്റൈന്‍ ചെയ്യാന്‍ സാധിക്കണം. മുരളീധരനെപ്പോലെയുള്ള ആളുകള്‍ ഉത്തരവാദിത്തതോടെ പ്രതികരിക്കേണ്ട ഒരു പ്രശ്‌നമാണ് ഇത്.

ജാഗ്രതയോടെയുള്ള നമ്മുടെ ഈ പ്രവര്‍ത്തനം കൊണ്ടാണ് ലോകത്തിന് മാതൃകയായി കേരളം നില്‍ക്കുന്നത്. അങ്ങനെ നില്‍ക്കുന്ന കേരളത്തിന് ഇവിടേക്ക് വരുന്നവരെ സംരക്ഷിക്കണം. ഈ സംസ്ഥാനത്തെ ജനങ്ങളേയും സംരക്ഷിക്കണം. അതീവ ജാഗ്രതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് സര്‍ക്കാരിന് താത്പര്യം എന്ന് പറയുമ്പോള്‍ അതില്‍ എന്തിനാണ് വിവാദം.

വരുന്നത് ആരാണെന്ന് സംസ്ഥാനത്തിന് അറിയണം, ഒരുക്കങ്ങള്‍ നടത്തണം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരാണെങ്കില്‍ അതാത് സംസ്ഥാനങ്ങളും അത്തരത്തില്‍ മുന്നൊരുക്കം നടത്തി ആളുകളെ ട്രെയിനില്‍ കയറ്റണം. ഇവിടെ എത്തിയാല്‍ നമ്മള്‍ സ്വീകരിക്കാന്‍ തയ്യാറാണ്. ഒരാളേയും സ്വീകരിക്കാതെ ഇരുന്നിട്ടില്ല. തികഞ്ഞ ജാഗ്രതയോടെ സംസ്ഥാനം ചെയ്യുന്ന കാര്യത്തില്‍ ഏതിലാണ് മുരളീധരന് പരാതിയുള്ളത്.

ക്വാറന്റൈന്‍ സൗകര്യം ഒരുക്കാന്‍ തയ്യാറാണ്. എന്നാല്‍ അത്തരത്തില്‍ അറിയിച്ചിട്ട് വേണം കൊണ്ടുവരാന്‍. പ്രളയകാലത്ത് ചെയ്ത പോലെ ഇപ്പോള്‍ ചെയ്യാന്‍ കഴിയില്ല. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയാത്ത ട്രാക്ക് റെക്കോര്‍ഡ് കേരളത്തിനുണ്ട്. അത് പൊളിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഞങ്ങള്‍ അതീവ ജാഗ്രതയോടെ വരുന്നവരെ ക്വാറന്റൈന്‍ ചെയ്യും.

കേന്ദ്രം ഇപ്പോള്‍ ട്രെയിന്‍ കൊണ്ടുവരുന്നു. ഡല്‍ഹിയില്‍ നിന്ന് നേരിട്ട് കേരളത്തിലേക്ക് മാത്രം അത്രയധികം ആളുകള്‍ എത്താനുള്ളപ്പോള്‍ കേരളത്തില്‍ മാത്രം സ്‌റ്റോപ്പ് അനുവദിച്ചാല്‍ മതിയല്ലോ എന്ന് സംസ്ഥാനം ചോദിച്ചു. ഇത്തരത്തില്‍ ഒരു ജാഗ്രത ഇല്ലാത്ത ഗുജറാത്തും മഹാരാഷ്ട്രയും മധ്യപ്രദേശും നമ്മള്‍ കാണുന്നുണ്ടല്ലോ.

ഇത് സ്വീകരിക്കുന്നതിന്റെയോ കൊണ്ടുവരുന്നതിന്റെയോ പ്രശ്‌നമല്ല. കേന്ദ്രമാണെങ്കിലും സംസ്ഥാനമാണെങ്കിലും ഉത്തരവാദിത്തത്തോടെ കൊണ്ടുവന്ന് ക്വാറന്റൈന്‍ ചെയ്യണം. ഇത് മാത്രമാണ് പ്രശ്‌നം. ഇതില്‍ എവിടെയാണ് തര്‍ക്കം.

കേരളം ഗുജറാത്ത് ആക്കണോ മഹാരാഷ്ട ആക്കണോ ഇതിനാണോ തര്‍ക്കം. കേരളം കേരളമാണ്. കേരളത്തിന്റെ ജാഗ്രത ജനകീയ പ്രതിരോധനത്തിനകത്ത് നിന്നുകൊണ്ടാണ്. എന്തൊക്കെ വിവാദമുണ്ടാക്കിയാലും ഇതില്‍ നിന്നൊന്നും പിന്നോട്ട് പോകാന്‍ തയ്യാറല്ല. കേരളത്തെ ഗുജറാത്തോ മഹാരാഷ്ട്രയോ ആക്കാന്‍ ഞങ്ങള്‍ തയ്യാറല്ല.

കേന്ദ്രം കൂടുതല്‍ വിമാനം അയക്കുമ്പോള്‍ അത് വേണ്ട എന്ന് കേരളം പറഞ്ഞോ, നമ്മള്‍ അവരെ പരിശോധിച്ച് കൊണ്ടുവരണം എന്നേ പറഞ്ഞുള്ളൂ. അവരുടേയും നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിയ്ക്കും വേണ്ടിയാണ് അത്.

എല്ലാ കാര്യങ്ങളും മുന്‍കൂട്ടി അറിയണം. വാര്‍ഡ് തലത്തില്‍ വരെ റിപ്പോര്‍ട്ട് ചെയ്ത് ക്വാറന്റൈന്‍ ചെയ്യാന്‍ പറ്റണം. മുന്‍കൂട്ടി അനുമതിയില്ലാത്ത ആളുകള്‍ വരുന്നതിനെയേ എതിര്‍ത്തിട്ടുള്ളൂ. നാടിന്റേയും സംസ്ഥാനത്തിന്റേയും സുരക്ഷ മാത്രമാണ് ഇവിടെ പ്രശ്‌നം.- മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.