Sun. Dec 22nd, 2024
കൊച്ചി:

സംസ്ഥാനത്ത് സൗജന്യ പലവ്യജ്ഞന കിറ്റ് വിതരണം മുടങ്ങി. വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണമാണ് മുടങ്ങിയത്. വെള്ളക്കാർഡുകൾക്ക് ഇന്ന് മുതൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ, നീല കാർഡുകാർക്ക് പോലും ഇതുവരെ വിതരണം പൂർത്തിയായിട്ടില്ല.

മിക്കയിടത്തും 400 ലധികം നീലക്കാർഡ് ഉടമകൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ കൊടുക്കാൻ ബാക്കിയുണ്ട്. 50 കിറ്റുകൾ മാത്രമാണ് ഒരു ദിവസം കിട്ടുന്നതെന്ന് റേഷൻ കടക്കാർ പറയുന്നു. ഭക്ഷ്യധാന്യ കിറ്റുകളുടെ അഭാവത്തിൽ കിറ്റ് വാങ്ങാനെത്തിയ വെളളക്കാർഡ് ഉടമകളെ കടകളിൽ നിന്ന് തിരിച്ചയക്കുകയാണ്.

കാര്‍ഡിലെ അവസാന അക്കം അനുസരിച്ചാണ് കിറ്റുകളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്. പൂജ്യത്തില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ക്ക് 15 നും 1,2 അക്കങ്ങള്‍ക്ക് 16 നും 3,4,5 അക്കങ്ങള്‍ക്ക് 18 നും കിറ്റുകള്‍ വിതരണം ചെയ്യാനാണ് തീരുമാനം. 6,7,8 അക്കങ്ങള്‍ക്ക് 19 നും 9 അടക്കം ബാക്കിയുള്ളവയ്ക്ക് 20 നും കിറ്റുകള്‍ ലഭിക്കും. 21 മുതല്‍ പിഎംജികെവൈ പ്രകാരമുള്ള റേഷന്‍ വിതരണം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.