ബംഗാള്‍:
ലോക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ പശ്ചിമബംഗാള്‍ തൊഴിലാളികളില്‍ മടങ്ങിപോകാന്‍ ആഗ്രഹിക്കുന്നവരെ സംസ്ഥാനത്തേക്ക് തിരികെയെത്തിക്കാന്‍ മമത ബാനര്‍ജി സര്‍ക്കാരിന്‍റെ തീരുമാനം. ഇതിനായി 28 ട്രെയിന്‍ സര്‍വീസുകള്‍ അനുനവദിച്ച് ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.
ഈ മാസം 19 മുതല്‍ അടുത്ത മാസം 15 വരെയുള്ള കാലയളവിലായിരിക്കും സര്‍വീസുകളെന്ന് ബംഗാള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും കുടിയേറ്റതൊഴിലാളികളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന നോഡല്‍ ഓഫീസറുമായ പി ബി സലീം ഐഎഎസ് അറിയിച്ചു. കേരളത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് മുന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ കൂടിയായ പി.ബി സലിം മുന്‍കൈയെടുത്ത് ട്രെയിന്‍ സര്‍വീസ് അനുവദിക്കാന്‍ ധാരണയായത്.
ആദ്യ ഘട്ടത്തില്‍ 10 ട്രെയിനുകളിലായി നിരവധി തൊഴിലാളികളെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ മടക്കി കൊണ്ടുപോയിരുന്നു. രണ്ടാം ഘട്ടത്തിലാണ് 28 ട്രെയിനുകള്‍ കൂടി കേരളത്തില്‍ നിന്നും ഏര്‍പ്പെടുത്തുന്നത്. മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിന്ന് അഞ്ച് വീതം സര്‍വീസുകള്‍ നടത്തും.