ഉത്തര്‍പ്രദേശ്:
സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് (എംഎസ്എംഇ) 2002 കോടിയുടെ വായ്പ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ 56,754 വ്യവസായ സംരംഭങ്ങള്‍ക്കാണ് ആദിത്യനാഥ് സര്‍ക്കാര്‍ വായ്പ നല്‍കുന്നത്. കൊവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ഈടില്ലാതെ മൂന്ന് ലക്ഷം കോടി വായ്പ നല്‍കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും നടപടി.
എംഎസ്എംഇ മേഖലയിലെ വ്യവസായ സ്ഥാപനങ്ങളെ സഹായിക്കാന്‍ ഇത്ര വലിയ തുക വായ്പ അനുവദിക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. സംസ്ഥാനത്തെ എംഎസ്എംഇ മേഖലയിലുള്ള 56,754 കമ്പനികളിലായി രണ്ട് ലക്ഷം ആളുകളാണ് ജോലി ചെയ്യുന്നത്. വായ്പ അനുവദിക്കുന്നതിനായി സര്‍ക്കാര്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തൊഴിലാളികളാണ് സംസ്ഥാനത്തിന്റെ കരുത്തെന്നും അതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് തൊഴില്‍ തേടി പോകേണ്ട സാഹചര്യം ഇല്ലാതാക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. എംഎസ്എംഇ മേഖലയിലുള്ള വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് വായ്പ നല്‍കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.