Mon. Dec 23rd, 2024
തിരുവനന്തപുരം:

കഴിഞ്ഞ ദിവസം വാളയാറില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. വാളയാര്‍ പ്രതിഷേധം ശ്രദ്ധയില്‍പ്പെട്ടെന്നും രോഗം സ്ഥിരീകരിച്ച ആളുടെ സമീപത്തുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സമരക്കാര്‍ ഉണ്ടെങ്കില്‍ അവരും നിരീക്ഷണത്തില്‍ പോകണമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തേക്കു കടക്കാനുള്ള പാസില്ലാതെ വാളയാര്‍ കടന്നെത്തിയ മലപ്പുറം സ്വദേശിക്കായിരുന്നു കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം എട്ടിന് ചെന്നൈയില്‍ നിന്ന് യാത്ര തിരിച്ച ഇദ്ദേഹം ഒമ്പതാം തിയതി രാവിലെയാണ് വാളയാര്‍ അതിര്‍ത്തിയിലെത്തിയത്. ഇയാളടക്കം പത്തംഗസംഘം കേരള പാസില്ലാതെയാണ് വാഹനത്തില്‍ അതിര്‍ത്തിയില്‍ എത്തിയത്. അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞതോടെ ഇവര്‍ ബഹളം വെച്ചു.

ഇവരെ ഉള്‍പ്പെടെ അതിര്‍ത്തി കടത്തിവിടണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശനിയാഴ്ച വാളയാറില്‍ സമരം നടത്തിയത്. സമരത്തില്‍ എംപിമാരായ വികെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ടിഎന്‍ പ്രതാപന്‍, എംഎല്‍എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവര്‍ പങ്കെടുത്തിരുന്നു. അതിര്‍ത്തിയില്‍ ഒരു കാരണവശാലും ആളുകള്‍ സംഘടിച്ച് നില്‍ക്കരുതെന്ന പൊലീസ് നിര്‍ദേശം അവഗണിച്ചായിരുന്നു കോണ്‍ഗ്രസിന്റെ സമരം.