Sat. Jan 18th, 2025
ജനീവ:

 
ലോകാരോഗ്യ സംഘടനയുടെ 73ാമത് വാര്‍ഷിക കൂടിക്കാഴ്ച വെര്‍ച്വല്‍ മീറ്റിങ്ങിലുടെ മെയ് 18-19 തിയ്യതികളിലായി നടക്കും. ഒപ്പം മാര്‍ച്ച് 22 ന് ലോകാരോഗ്യ സംഘടനയിലെ 35 എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗ മീറ്റിംഗ് മെയ് 22 ന് നടക്കും. ഈ കൂടിക്കാഴ്ചയില്‍ വെച്ച് ഇന്ത്യ എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്യും. എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍പേര്‍സണ്‍ സ്ഥാനത്തേക്കാണ് ജപ്പാനു പകരമായി ഇന്ത്യന്‍ പ്രതിനിധി തിരഞ്ഞെടുക്കപ്പെടുന്നത്.

മെയ് 18 ന് നടക്കുന്ന മീറ്റിംഗില്‍ ലോകാരോഗ്യ സംഘടന ചൈനയോട് പക്ഷപാതിത്വം കാണിക്കുന്നു, കൊവിഡ് മുന്നറിയിപ്പ് നല്‍കുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടു തുടങ്ങി അമേരിക്കയുടെ ആരോപണങ്ങളും ചര്‍ച്ചയാവും. ചൈനയ്ക്കും ലോകാരോഗ്യ സംഘടനയ്ക്കും എതിരെയുള്ള അമേരിക്കയുടെ ആരോപണങ്ങളില്‍ ഇതുവരെ ഔദ്യോഗിക അഭിപ്രായം രേഖപ്പെടുത്താത്ത ഇന്ത്യ ഇനി മുന്നോട്ട് വെക്കുന്ന നയവും പ്രാധാന്യമര്‍ഹിക്കുന്നു.

ഇതിനിടെ കൂടിക്കാഴ്ചയുടെ മുന്നോടിയായി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യ, ഇസ്രഈല്‍, ജപ്പാന്‍, ഓസ്‌ട്രേലിയ, ബ്രസീല്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയവുമായി തിങ്കളാഴ്ച വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയിരുന്നു.

ചൈനയ്ക്കും ലോകാരോഗ്യം സംഘടയ്ക്കും എതിരെയുള്ള ആരോപണങ്ങള്‍ ഇവര്‍ ചര്‍ച്ച ചെയ്തു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയും ചൈനയും തമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന തര്‍ക്കത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കേണ്ട സാഹചര്യമാണ് വരുന്ന കൂടിക്കാഴ്ചകളില്‍ ഉണ്ടാവാന്‍ പോവുന്നത്. മൂന്ന് വര്‍ഷത്തേക്ക് ലോകാരോഗ്യ സംഘടന എക്‌സിക്യൂട്ടീവ് അംഗത്വവും ഒരു വര്‍ഷത്തേക്ക് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കുമാണ് ഇന്ത്യന്‍ പ്രതിനിധി തിരഞ്ഞെടുക്കപ്പെടാന്‍ പോവുന്നത്.