തിരുവനന്തപുരം:
കൊവിഡ് പ്രതിസന്ധി നിലില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ബസ്ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗത്തില്‍ തീരുമാനം. സാമൂഹ്യ അകലം പാലിച്ച് സര്‍വ്വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താനാണ് ചാര്‍ജ് കൂട്ടുന്നത്.
സാമൂഹിക അകലം പാലിച്ച് ബസ് സര്‍വീസുകള്‍ നടത്തുന്ന സാഹചര്യത്തില്‍ കനത്ത നഷ്ടമായിരിക്കും ഉണ്ടാവുകയെന്ന് ബസ് ഉടമകള്‍ നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബസ്ചാര്‍ജ് കൂട്ടാനുള്ള തീരുമാനമായത്.
ബസ് ഉടമകളുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനുള്ള ആവശ്യം ന്യായമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഒരു സീറ്റില്‍ ഒരാള്‍ എന്ന രീതിയില്‍ ബസ് സര്‍വീസ് നടത്തുന്നത് ബസ് ഉടമകള്‍ക്ക് കനത്ത നഷ്ടമുണ്ടാക്കും. യാത്രാ നിരക്ക് കൂട്ടുക, ഇന്ധന സബ്‌സിഡി അനുവദിക്കുക, വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നിവയാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് ഓടുന്ന 12600 ബസുകളില്‍ 12000 ബസുകളും സ്റ്റോപ്പേജിന് അപേക്ഷ നല്‍കിയിരുന്നു. സര്‍വ്വീസ് നടത്താന്‍ നിര്‍ബന്ധം പിടിച്ചാല്‍ അതിന്റെ സാമ്പത്തിക നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.