Wed. Nov 6th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് നാളെ മുതൽ ഹയർ സെക്കൻഡറി മൂല്യ നിർണ്ണയ ക്യാമ്പുകൾ തുടങ്ങാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിനെതിരെ പ്രതിപക്ഷ അദ്ധ്യാപക സംഘടനകള്‍. ലോക്ക് ഡൗണ്‍ നിലനില്‍ക്കെ നൂറുകണക്കിന് അദ്ധ്യാപകര്‍ ഒരുമിച്ചിരുന്ന് മൂല്യനിര്‍ണയം നടത്തുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് പരാതി. സംസ്ഥാനത്താകെ ഇരുപതിനായിരത്തിലേറെ അദ്ധ്യാപകര്‍ക്കാണ് ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കേണ്ടത്.

ഹയര്‍ സെക്കന്‍ഡി വിഭാഗത്തിലെ 92 മൂല്യനിര്‍ണയ ക്യാമ്പുകളിലും നാളെ മൂല്യനിര്‍ണയം തുടങ്ങാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഒരു ക്യാമ്പുകളില്‍ കുറ‌ഞ്ഞത് 300 അദ്ധ്യാപകര്‍ എന്ന കണക്കില്‍ 14 ജില്ലകളിലായി 20000ത്തോളം അദ്ധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കേണ്ടി വരും. പൊതുഗതാഗത സംവിധാനം ഇല്ലാത്തതിനാൽ ക്യാമ്പുകളിൽ എത്തുക പ്രായോഗികമല്ലെന്നും അദ്ധ്യാപകര്‍ പറയുന്നു.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ മൂന്ന് പരീക്ഷകള്‍ ലോക്ക് ഡൗണ്‍ മൂലം നടത്താനായിട്ടില്ല. ഈ പരീക്ഷകള്‍ 22 ന് ശേഷം നടത്താനാണ് ധാരണ. രീക്ഷകള്‍ പോലും പൂര്‍ത്തിയാകും മുമ്പ് മൂല്യനിര്‍ണയം തിരക്കിട്ട് തുടങ്ങേണ്ട സാഹചര്യമെന്തെന്നാണ് അദ്ധ്യാപകര്‍ ഉന്നയിക്കുന്നത്.

എസ്എസ്എൽസി മൂല്യ നിർണ്ണയമടക്കം മാറ്റി വെച്ച സാഹചര്യത്തിൽ ഹയർ സെക്കൻഡറി മൂല്യ നിർണ്ണയവും മാറ്റി വയ്ക്കണമെന്നാണ് കെഎച്ച്എസ്ടിയു, എച്ച്എസ്എസ്ടിഎ തുടങ്ങിയ സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊതുവിദ്യാഭ്യാസ വകുപ്പിനും സംഘടനകള്‍ കത്ത് നൽകിയിട്ടുണ്ട്.