Fri. Apr 26th, 2024
ജനീവ:

കൊവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലോകരാജ്യങ്ങൾ നീക്കിവരുന്നതിനിടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം. കൂടുതൽ ജാ​ഗ്രതയോടെ വേണം ഇനി മുന്നോട്ട് പോകാൻ എന്ന് അദ്ദഹം പറഞ്ഞു. കൊറോണ വൈറസ് ബാധയുടെ രണ്ടാം ഘട്ട സാധ്യതയെക്കുറിച്ച് ആ​ഗോള തലത്തിൽ ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

ലോക്ക് ഡൗൺ ഇളവുകൾ നടപ്പിലാക്കിയതിന് ശേഷം ജർമ്മനിയിൽ കൊവിഡ് രോ​ഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. അതുപോലെ കൊറോണ വൈറസ് ബാധയെ പിടിച്ചു നിർത്തുന്നതിൽ വിജയം കണ്ട ദക്ഷിണ കൊറിയയിലും പിന്നീട് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു.

ലോക്ക് ഡൗണിൽ നിന്ന് രാജ്യങ്ങൾ‌ മോചിതരാകുമ്പോൾ പ്രതീക്ഷ തോന്നുന്നുണ്ട്. എന്നാൽ അതീവ ജാ​ഗ്രതയോടെ വേണം മുന്നോട്ടുള്ള ജീവിതം. ലോകാരോ​ഗ്യ സംഘടനയുടെ അത്യാഹിത വിഭാ​ഗം തലവൻ ഡോ. മൈക്ക് റയാൻ ഓൺലൈൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ലോക രാജ്യങ്ങൾ തങ്ങളുടെ സാമ്പത്തിക മേഖലകൾ തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലാണുള്ളത്.

ജർമ്മനിയും ദക്ഷിണ കൊറിയയും പുതിയ കൊവിഡ് ക്ലസ്റ്ററുകൾ നിയന്ത്രണ വിധേയമാക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. എന്നിരുന്നാലും കൊവിഡ്  ബാധയുടെ രണ്ടാം ഘട്ട വരവിനെക്കുറിച്ച് എപ്പോഴും ബോധവാൻമാരായിരിക്കണമെന്നും മൈക്ക് റയാൻ കൂട്ടിച്ചേർത്തു. വാക്സിൻ കണ്ടെത്തുന്നത് വരെ ജനങ്ങൾ അതീവ ജാ​ഗ്രതയിൽ തന്നെ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.