Mon. Dec 23rd, 2024
റിയാദ്:

കൊവിഡ് 19 കാരണം സാമ്പത്തിക മേഖലയില്‍ ഉണ്ടായ തിരിച്ചടി നേരിടാന്‍ കര്‍ശന നടപടികളുമായി സൗദി അറേബ്യ. മൂല്യ വര്‍ധിത നികുതി (VAT) മൂന്നിരട്ടിയായി വര്‍ധിപ്പിക്കുമെന്നും ചെലവു ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കുമെന്നും സൗദി ധനമന്ത്രി മുഹമ്മദ് അല്‍ ജദാന്‍ അറിയിച്ചു. ഒപ്പം ജീവിതച്ചെലവ് ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുമെന്നും സൗദി ധനകാര്യമന്ത്രി പറഞ്ഞു.

മൂല്യവര്‍ധിത നികുതി 5 ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് ഉയര്‍ത്തുന്നത്. ഈ വര്‍ഷം ജൂണ്‍ മാസത്തോടെ ഇത് നിലവില്‍ വരും. കൊവിഡ് കാരണം ഉണ്ടായ പ്രതിസന്ധിയില്‍ നിന്ന് സൗദി സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ നടപടികള്‍ എന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്.

സൗദിയില്‍ നടത്താനിരിക്കുന്ന ചില സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുകയും മൂലധന നിക്ഷേപം കുറയ്ക്കുകയും ചെയ്യും. സൗദിയുടെ സാമ്പത്തിക പദ്ധതിയായ വിഷന്‍ 2030 ന്റെ ഭാഗമായി നടത്താനിരിക്കുന്ന ചില പദ്ധതികളും 2020 സാമ്പത്തിക വര്‍ഷത്തെ ചില പദ്ധതികളും കുറയ്ക്കും.

പ്രധാനമായും മൂന്ന് തരത്തിലാണ് സൗദി സാമ്പത്തിക രംഗത്തിന് തിരിച്ചടി നേരിട്ടതെന്നാണ് ധനമന്ത്രി പറയുന്നത്. എണ്ണ വിപണി നഷ്ടവും, കൊവിഡിന്റെ പശ്ചാത്തലത്തില്‍ എടുത്ത നിയന്ത്രണ നടപടികളും ഒപ്പം ആരോഗ്യ മേഖലയില്‍ കൊവിഡ് കാരണം വന്ന ചെലവും സാമ്പത്തികമായി തിരിച്ചടിയായിട്ടുണ്ട്. ഇതിനൊപ്പം തന്നെ കൊവിഡ് പ്രതിസന്ധി കാരണം ഉണ്ടായ തൊഴില്‍ നഷ്ടവും മറ്റും പരിഹരിക്കാന്‍ സ്വീകരിച്ച പദ്ധതികളുമാണ് സൗദി സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായതെന്നാണ് ധനകാര്യമന്ത്രിയുടെ വിശദീകരണം.