Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

ആന്റിവൈറല്‍ മരുന്ന് ഫാവിപിരാവിര്‍ കോവിഡ്-19 രോഗികളില്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയതായി കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ശേഖര്‍ മാണ്ഡേ അറിയിച്ചു. ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി ഇതിന്‍റെ ഉത്പാദനത്തിനായി പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

ജലദോഷപ്പനിക്കെതിരെ ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഫാവിപിരാവിര്‍ നിലവില്‍ ഉപയോഗിച്ചു വരുന്നുണ്ട്. വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ഒന്നിലധികം പകര്‍പ്പുണ്ടാക്കുന്നത് ഫലപ്രദമായി തടയുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. കോവിഡ്-19 രോഗികളുടെ രോഗമുക്തി കൂടുതല്‍ വേഗത്തിലാക്കാനും രോഗവ്യാപനം തടയുന്നതിനുമായി മൈകോബാക്ടീരിയം ഡബ്ല്യു പയോഗപ്പെടുത്താനുള്ള പരീക്ഷണം കാഡില ഫാര്‍മസ്യൂട്ടിക്കല്‍സുമായി ചേര്‍ന്ന് സിഎസ്‌ഐആര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ ചികിത്സയുടെ പരീക്ഷണത്തിനും ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിരുന്നു.