Fri. Nov 22nd, 2024
ന്യൂ ഡല്‍ഹി:

കൊവിഡ് വ്യാപിച്ച ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇവരില്‍ 200 മലയാളികളും ഉള്‍പെട്ടിട്ടുണ്ടെന്നാണ് വിവരം. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ കാര്യത്തില്‍ ഇടപെടാത്തതില്‍ ഇന്ത്യക്കാര്‍ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. ഇതിനിടെ മലയാളികള്‍ ചേര്‍ന്ന് ചാര്‍ട്ടേര്‍ഡ് വിമാനം തയ്യാറാക്കിയെങ്കിലും കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നും മറ്റും ഇതുവരെ അനുമതി ലഭിച്ചില്ലെന്നും പരാതി ഉയര്‍ന്നു. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ തന്നെ ആളുകള്‍ സാമൂഹിക അകലം പാലിക്കാത്ത സ്ഥിതിയാണ് നൈജീരിയയില്‍ നിലനില്‍ക്കുന്നത്. ഇരുപതോളം ഇന്ത്യക്കാര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാല് പേര്‍ മരിച്ചിട്ടുമുണ്ട്. മലയാളികള്‍ക്ക് ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കരീബിയന്‍ രാജ്യമായ ഹെയ്തിയിലും മലയാളികളടക്കം നാല്പതോളം ഇന്ത്യക്കാര്‍ കുടുങ്ങികിടക്കുന്നുണ്ട്. ക്യൂബയിലെ ഇന്ത്യന്‍ എംബസി വഴിയാണ് സര്‍ക്കാര്‍ ഇവരുമായി ബന്ധപ്പെടുന്നത്.