Wed. Jan 22nd, 2025
മുംബൈ:

മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലെ കൊവിഡ് വ്യാപനം എത്രയും പെട്ടെന്ന് തയണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി. 26 ഉദ്യോഗസ്ഥര്‍ക്കടക്കം 77 ഓളം പേര്‍ക്കാണ് ജയിലില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

വൈദ്യ പരിശോധയുടെ ഭാഗമായി ആര്‍തര്‍ റോഡ് ജയിലിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. സ്ഥിതി അതീവ ഗുരുതരമാണെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ഉടനടി തീരുമാനമെടുക്കണമെന്നും ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് ഭാരതി ഡാന്‍ഗ്രെ പറഞ്ഞു.

“ആര്‍തര്‍ റോഡ് ജയിലില്‍ 100ലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നത് സത്യമാണെങ്കില്‍ ആളുകള്‍ തിങ്ങി നിറഞ്ഞ് പാര്‍പ്പിക്കുന്നതുകൊണ്ടാണോ രോഗം പടര്‍ന്നതെന്നു അധികൃതര്‍ പരിശോധിക്കേണ്ടതാണ്,” ഉത്തരവില്‍ പറയുന്നു. തടവറയിലാണെങ്കിലും വൃത്തിയും സുരക്ഷിതത്വവും അവരുടെ അവകാശമാണെന്ന കാര്യം അധികൃതര്‍ മറന്നു പോവരുതെന്നും ജസ്റ്റിസ് പറഞ്ഞു.

സര്‍ക്കാരിനോടും ജയില്‍ വകുപ്പിനോടും വേണ്ട നിയമനടപടികള്‍ സ്വീരിക്കാനും ബെഞ്ച് നിര്‍ദേശം നല്‍കി. ജയിലില്‍ 60 വയസ്സിന് മുകളിലുള്ള തടവുകാരില്‍ അസുഖമുള്ളവര്‍ കൂടുതലാണെന്നും ബെഞ്ച് ചൂണ്ടിക്കാണിച്ചു. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആള്‍ക്കാണ് ജയിലില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചക്കിടെയാണ് ജയിലില്‍ കൊവിഡിന്റെ എണ്ണം വര്‍ദ്ധിച്ചത്.