Sun. Jan 19th, 2025
ജനീവ:

വികസ്വര രാജ്യങ്ങള്‍ക്ക് കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ നേരിടാന്‍ മതിയായ പണം അനുവദിച്ചില്ലെങ്കില്‍ ലോകം കടുത്ത ക്ഷാമം നേരിടേണ്ടിവരുമെന്ന് ഐക്യരാഷ്ട്ര സഭ ഘടകം. പല രാജ്യങ്ങളും ഇതിനകം തന്നെ ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണെന്നും വേള്‍ഡ് ഫുഡ് പ്രോഗ്രാം പറഞ്ഞു.

നമ്മള്‍ ഇപ്പോള്‍ നേരിടുന്നത് ഇരട്ടി മഹാമാരിയാണെന്നും ക്ഷാമം ബാധിച്ചേക്കാമെന്നും വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബ്ലെസ്ലി പറഞ്ഞു. 10 കോടിയോളം ആളുകളെ ദിവസവും യുഎന്‍ ഫുഡ് ഏജന്‍സി സഹായിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അവശ്യ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ക്ക് തുടരാന്‍ കഴിഞ്ഞില്ലെങ്കില്‍ കൊറോണയ്ക്ക് പിന്നാലെ പട്ടിണി മൂലം മറ്റൊരു ദുരന്തമുണ്ടാകും. അക്ഷരാര്‍ത്ഥത്തില്‍ നമ്മള്‍ ഇപ്പോള്‍ വലിയ ക്ഷാമത്തിന്റെ വക്കിലാണെന്നതില്‍ സംശയമില്ലെന്നും ബ്ലെസ്ലി ഓര്‍മ്മിപ്പിച്ചു.