Mon. Dec 23rd, 2024
ചെന്നൈ:

തമിഴ്നാട്ടിലെ പച്ചക്കറി ചന്തയായ കോയമ്പേടിന് പിന്നാലെ തമിഴ്നാട്ടിലെ തന്നെ മറ്റൊരു ചന്തയിലും വലിയ രീതിയിലുള്ള രോ​ഗപകർച്ച. തിരുവാൺമൂർ ചന്തയിൽ വന്നുപോയവർക്കാണ് കാെവിഡ് സ്ഥിരീകരിച്ചത്. 70 പേർക്ക് രോ​ഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ട്.

തമിഴ്നാട്ടിൽ തിങ്കളാഴ്ച്ച റിപ്പോർട്ട് ചെയ്ത 527 കേസുകളിൽ കൂടുതലും കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ടു കിടക്കുന്നതായിരുന്നു. ചെന്നൈയിൽ മാത്രം റിപ്പോർട്ട് ചെയ്ത 266 കേസുകളിൽ 215 ഉം കോയമ്പേട് മാർക്കറ്റിൽ വന്നുപോയവർക്കാണ്.

ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നാണ് കോയമ്പേട്. ഇവിടെ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തത് തമിഴ്നാട്ടിൽ സമൂഹ വ്യാപന ഭീഷണി ഉയർത്തിയിരുന്നു, സമാനമായ ആശങ്കയിലേക്ക് തന്നെയാണ് തിരുവാൺമൂർ ചന്തയിലെ കേസുകളും തമിഴ്നാട്ടിനെ എത്തിക്കുന്നത്.

തമിഴ്നാട്ടിലെ 12ഓളം ജില്ലകളില്‍ കൊവിഡ് വ്യാപിക്കുന്നതിന് കോയമ്പേട് മാര്‍ക്കറ്റ് കാരണമായി. മാര്‍ക്കറ്റ് അടച്ചതിന്റെ ഫലമായി നാട്ടിലേക്ക് പോയ 7,000ത്തിലധികം വരുന്ന കച്ചവടക്കാര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. മെയ് മൂന്നാം തീയ്യതിയോടു കൂടി കോയമ്പേടിനെ ഹോട്ട്സ്പോട്ടാക്കി പ്രഖ്യാപിക്കുകയായിരുന്നു. കോയമ്പേടു നിന്നും രോഗം പകര്‍ന്നവര്‍ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കൂഡല്ലൂര്‍, ചെങ്കല്‍പ്പട്ട് തുടങ്ങിയ ജില്ലകളിലുള്ളവരാണ്.