Sat. Apr 27th, 2024
തിരുവനന്തപുരം:

 
ഇതരസംസ്ഥാന മലയാളികൾക്ക് നാട്ടിലേക്ക് എത്താൻ ഡിജിറ്റൽ പാസ് നൽകുന്നത് കേരളം നിർത്തി. ഇതുവരെ വന്നവരുടെ വിവരം ശേഖരിച്ച ശേഷം മാത്രം ഇനി പാസ് വിതരണമെന്നാണ് കേരളത്തിന്റെ നിലപാട്. രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ സംസ്ഥാനത്തേക്ക് തിരിച്ചെത്താനായി രജിസ്റ്റർ ചെയ്തത്. ഇതിൽ 6102 പേർ ഇതുവരെ മടങ്ങിയെത്തിയെന്നാണ് കണക്ക്.

മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോണിൽ നിന്ന് വരുന്നവരെ ക്വാറന്റൈൻ ചെയ്യുന്ന കാര്യത്തിൽ ആശയക്കുഴപ്പവും ബുദ്ധിമുട്ടുകളും തുടരുന്ന സാഹചര്യത്തിലാണ് കേരളത്തിൻ്റെ തീരുമാനം. മടങ്ങിയെത്തിയ ആറായിരം പേർ എവിടെ നിന്നെല്ലാം വന്നവരാണ് എവിടേക്കാണ് പോയത് തുടങ്ങിയ വിശദമായ വിവരങ്ങൾ ശേഖരിച്ച ശേഷം പുതിയ പാസ് വിതരണം ചെയ്താൽ മതിയെന്നാണ് തീരുമാനം.

ഇന്നലെ മുതൽ തന്നെ ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലവിലുണ്ടായിരുന്നു. റെഡ് സോണുകളിൽ നിന്ന് വരുന്നവർ നിർബന്ധമായി സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറണമെന്ന് ഇന്നലെ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ തിരിച്ചെത്തുന്ന പലരും ഇതൊഴിവാക്കുന്നതിനായി വരുന്ന സ്ഥലം മാറ്റി പറയുന്ന സാഹചര്യം നിലവിലുണ്ട്. തീവ്രബാധിത മേഖലായ ചെന്നൈയിൽ നിന്നെത്തിയവരടക്കം ഇങ്ങനെ സ്ഥലം മാറ്റിപ്പറഞ്ഞ് കടന്നിട്ടുണ്ടെന്നാണ് വിവരം.