Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

ദൈനംദിന കാലാവസ്ഥാ പ്രവചനത്തില്‍ പാകിസ്ഥാന്‍ കൈയ്യടക്കി വച്ചിരിക്കുന്ന കശ്മീരിലെ പ്രദേശങ്ങള്‍ കൂടി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഉള്‍പ്പെടുത്തി. ഈ തീരുമാനത്തോടെ കാലാകാലങ്ങളായി പിന്തുടര്‍ന്നുവന്ന ശീലത്തിനാണ് മാറ്റം വരുന്നത്. ഇതുവരെ പാക് അധീന കാശ്മീരിലെ പ്രദേശങ്ങളായ മുസാഫറാബാദ്, ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍ എന്നിവിടങ്ങളിലെ കാലാവസ്ഥ പ്രവചനം ഐഎംഡി ഒഴിവാക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ജമ്മു കശ്മീരിലെ കാലാവസ്ഥാ ഉപവിഭാഗത്തെ ‘ജമ്മു കശ്മീര്‍, ലഡാക്ക്, ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍, മുസാഫറാബാദ്’ എന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പരാമര്‍ശിക്കുന്നത്.

കഴിഞ്ഞ ആഗസ്റ്റില്‍ ജമ്മു കശ്മീരും ലഡാക്കും രണ്ട് കേന്ദ്രഭരണ പ്രദേശമാക്കിയത് മുതല്‍ പാക് അധീന കാശ്മീരിലെ കാലാവസ്ഥ തങ്ങള്‍ പ്രവചിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ പേരുകള്‍ വ്യക്തമായി പറഞ്ഞുകൊണ്ടുള്ള കാലാവസ്ഥാ പ്രവചനം ആരംഭിച്ചത് ഇക്കഴിഞ്ഞ ചൊവാഴ്ച മുതലാണെന്നുമാണ് ഐഎംഡി നല്‍കുന്ന വിശദീകരണം.