അഹമ്മദാബാദ്:
കൊവിഡ് സൃഷ്ടിച്ച ആരോഗ്യ പ്രതിസന്ധി താങ്ങാനാകാതെ ഗുജറാത്ത്. പ്രതിദിനം കൊവിഡ് ബാധിക്കുന്നവരുടെയും അസുഖം ബാധിച്ച് മരണപ്പെടുന്നവരുടെയും എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയതിന് പിന്നാലെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി വിദഗ്ധ ഡോക്ടർമാരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു.
ഗുജറാത്തിലെ മെഡിക്കൽ ടീമിനെ നയിക്കാനും ഇവർക്ക് പ്രചോദനം നൽകാനും മൂന്ന് വിദഗ്ധ ഡോക്ടർമാരെ സംസ്ഥാനത്തേക്ക് അയക്കണം എന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അതേസമയം വിജയ് രൂപാനിയുടെ നടപടി നന്നായി പ്രവർത്തിക്കുന്ന ഗുജറാത്തിലെ ആരോഗ്യ പ്രവർത്തകരെ നിരാശപ്പെടുത്തുന്നതാണെന്ന വിമർശനം വ്യാപകമായി സംസ്ഥാനത്ത് നിന്ന് ഉയരുന്നുണ്ട്.
നിലവിൽ ഗുജറാത്തിൽ 6500നടുത്ത് കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 368 പേരാണ് മരണപ്പെട്ടത്. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന കൊവിഡ് മരണനിരക്കാണ് ഗുജറാത്തിലേതും പശ്ചിമ ബംഗാളിലേതും.
ഗുജറാത്ത് സർക്കാർ തങ്ങളുടെ പരാജയം മറച്ചുവെക്കാൻ ഓരോ കാരണങ്ങൾ കണ്ടെത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് പരേഷ് ധനാനി പറഞ്ഞു. ഗുജറാത്തിൽ ടെസ്റ്റിങ്ങ് റേറ്റ് കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യം തബ് ലീഗ് സമ്മേളനത്തിന് പോയവരെ ഗുജറാത്ത് കുറ്റപ്പെടുത്തി, ഇപ്പോൾ ആരോഗ്യ പ്രവർത്തകരുടെ മേൽ പഴിചാരി സർക്കാർ തങ്ങളുടെ പരാജയം മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.