ചെന്നൈ:
തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ മദ്യവില്‍പ്പനശാലകള്‍ തുറന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത പ്രതിഷേധം. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ കറുത്ത കൊടികള്‍ ഉയര്‍ത്തിയാണ് പ്രതിഷേധിച്ചത്. ചെന്നൈയിലുള്ള സ്റ്റാലിന്റെ വസതിക്ക് മുന്‍പില്‍ നടന്ന പ്രതിഷേധത്തില്‍ അദ്ദേഹവും കുടുംബവും ഡിഎംകെ പ്രവര്‍ത്തകരും പങ്കെടുത്തു.
മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും ജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാകുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് എന്നിവയൊഴികെയുള്ള ജില്ലകളിലാണ് ഇന്ന് മുതല്‍ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. റെഡ് സോണുകളില്‍ അടക്കം മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനം പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. അതേസമയം തമിഴ്‌നാട്ടില്‍ എക്‌സൈസ് നികുതി 15 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ ഉപാധികളോടെ മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ മദ്രാസ് ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. മൂന്ന് ദിവസത്തിനിടെ ഒരാള്‍ക്ക് ഒരു ലിറ്റര്‍ മദ്യമേ നല്‍കാന്‍ പാടുള്ളുവെന്നും ഇതോടൊപ്പം സാമൂഹിക അകലം പാലിച്ചാകണം മദ്യം വാങ്ങേണ്ടതെന്നും കോടതി നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു.
ദേശീയതലത്തില്‍ ലോക്ഡൗണ്‍ ഇളവനുവദിച്ചതിനെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നിട്ടുണ്ട്. പലയിടങ്ങളിലും സുരക്ഷാമുന്‍കരുതലുകള്‍ കാറ്റില്‍ പറത്തിയാണ് മദ്യവില്‍പ്പന.