Sat. Nov 23rd, 2024
ബംഗളൂരു:

ലോക്ക് ഡൗണ്‍ കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർക്കായി കർണാടക സർക്കാർ 1610 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. അലക്കുകാർ, ബാർബർമാർ, ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുളളവർക്ക് 5000 രൂപ സഹായം നൽകും. പച്ചക്കറി, പൂ കര്‍ഷകര്‍ എന്നിവർക്ക് 25000 രൂപവരെയാണ് സഹായം. അതേസമയം മദ്യവില 11 ശതമാനം കൂട്ടി.

ബംഗളൂരുവിൽ കുടുങ്ങിയ തൊഴിലാളികളെ കർണാടകത്തിലെ വിവിധ ജില്ലകളിലെത്തിക്കാനുളള സൗജന്യ ബസ് സർവീസ് നാളെയോടെ നിർത്തുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു.

അതിനിടെ കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് ഇനി പ്രത്യേക പാസ് ആവശ്യമില്ലെന്ന് കര്‍ണാടക ഡിജിപി അറിയിച്ചു. നോർക്ക റൂട്ട്സ് വെബ്‍സൈറ്റില്‍ നിന്നും ലഭിക്കുന്ന ഈ പാസ് ഉപയോഗിച്ച് ഇവർക്ക് കേരള അതിർത്തി വരെ യാത്ര ചെയ്യാന്‍ കഴിയും. കർണാടകത്തിൽ നിന്നും നേരിട്ട് കേരളത്തിലേക്ക് പോകുന്നവർക്ക് മാത്രമാണ് ഈ നി‍ർദേശം ബാധകം.

തലസ്ഥാനമായ ബെംഗളൂരുവിൽ നിന്ന് വയനാട് ചെക്ക് പോസ്റ്റായ മുത്തങ്ങയിലേക്ക് പോകുന്നവർ മൈസൂർ വഴിയുള്ള യാത്ര ഒഴിവാക്കണമെന്നും പകരം കനകപുര റോഡ് -ഗുണ്ടൽപേട്ട് വഴി പോകണമെന്നും കർണാടക ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ലോക്ക് ഡൗൺ മൂലം രാജ്യത്തേറ്റവും കൂടുതൽ മലയാളികൾ കുടുങ്ങി കിടക്കുന്നത് കർണാടകയിലാണ്. മുപ്പത്തിനായിരത്തിലേറെ മലയാളികൾ നാട്ടിലേക്ക് വരാനായി കർണാടകയിൽ നിന്നും നോർക്ക റൂട്ട്സ് വെബ്‍സൈറ്റില്‍ രജിസ്‍റ്റര്‍ ചെയ്തിരുന്നു. എന്നാൽ സംസ്ഥാനം വിട്ട് യാത്ര ചെയ്യാനുള്ള അനുമതി കർണാടക സർക്കാർ നൽകുന്നതുമായി ബന്ധപ്പെട്ട് നിലനിന്ന ആശയക്കുഴപ്പം കാരണം ഇവരിൽ ഭൂരിപക്ഷം പേർക്കും കേരളത്തിലേക്ക് വരാൻ സാധിച്ചില്ല.