Wed. Nov 6th, 2024
ന്യൂയോര്‍ക്ക്:

ലോകം മുഴുവന്‍ കോവിഡ് മഹാമാരിയാല്‍ ദുരിതം നേരിടുന്ന ഈ കാലത്ത് ശ്രീബുദ്ധന്റെ സന്ദേശങ്ങളായ ഐക്യത്തിനും സേവനത്തിനും പ്രാധാന്യം വര്‍ധിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ മേധാവി അന്റോണിയോ ഗുട്ടെറസ്. ലോകരാജ്യങ്ങള്‍ ഒന്നായി നിന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ കോവിഡ് മഹാമാരിയില്‍നിന്നു കരകയറാന്‍ സാധിക്കൂവെന്നും ബുദ്ധജയന്തി സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

ബുദ്ധന്റെ ജനനത്തേയും ജീവിതത്തേയും അനുസ്മരിക്കുമ്പോള്‍ അദ്ദേഹം നല്‍കിയ സന്ദേശങ്ങളില്‍ നിന്നും നമുക്ക് പ്രചോദനം ഉള്‍ക്കൊള്ളാം. ബുദ്ധസന്ദേശങ്ങള്‍ക്ക് എക്കാലത്തേക്കാളും പ്രധാന്യം ഈ സാഹചര്യത്തില്‍ വര്‍ദ്ധിക്കുകയാണ്. മറ്റുള്ളവരോട് കരുതലും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചുകൊണ്ട് ബുദ്ധജയന്തി ആഘോഷങ്ങളില്‍ പങ്കുചേരാമെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും പുരാതന മതങ്ങളിലൊന്നായ ബുദ്ധമതം രണ്ടര സഹസ്രാബ്ദങ്ങളായി നല്‍കിയിട്ടുള്ള സംഭാവനകളെ അംഗീകരിക്കുന്നതിന്റെ ഭാഗമായി 1999 മുതലാണ് ബുദ്ധജയന്തി അന്താരാഷ്ട്രതലത്തില്‍ ആചരിച്ചുതുടങ്ങിയത്.