Wed. Jan 22nd, 2025
ന്യൂ ഡല്‍ഹി:

കൊവിഡ് 19 കാരണം സൗദി സാമ്പത്തിക മേഖലയ്‌ക്കേറ്റ തിരിച്ചടി പ്രവാസികളെ എങ്ങനെ ബാധിക്കുമെന്ന വിഷയത്തില്‍ പ്രതികരണവുമായി ഇന്ത്യയിലെ സൗദി അംബാസിഡര്‍ സൗദ് ബിന്‍ മുഹമ്മദ് അല്‍ സാതി.

സൗദിയില്‍ നിലവിലുള്ള 30 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ക്കടക്കം കൊവിഡ് ചികിത്സ സൗജന്യമായി നല്‍കുന്നുണ്ടെന്നും നിയമപരമല്ലാതെ രാജ്യത്ത് തങ്ങുന്നവര്‍ക്കു പോലും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണെന്നും, ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നവരില്‍ കൂടുതലും കരാര്‍ അവസാനിച്ചവരും ഉംറ യാത്രയക്ക് എത്തിയിരുന്നവരും വിമാന സര്‍വീസ് റദ്ദാക്കിയതു മൂലം നാട്ടിലേക്കു മടങ്ങാന്‍ പറ്റാത്തവരോ മറ്റു വ്യക്തി പരമായ കാര്യങ്ങള്‍ക്കായി പോവുന്നവരോ ആണെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ താല്‍ക്കാലികമായി ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നടക്കാത്തുമൂലം തൊഴിലുടമകള്‍ ലീവ് നല്‍കിയവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൗദ് ബിന്‍ മുഹമ്മദ് അല്‍ സാതി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് കാരണം സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ തൊഴില്‍ നഷ്ടമാവാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും സര്‍ക്കാര്‍ കൊവിഡിനു മുമ്പ് പ്രഖ്യാപിച്ച പദ്ധതികള്‍ മാറ്റി വെക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒപ്പം 2019 ല്‍ ഇന്ത്യ സന്ദര്‍ശനത്തിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപത്തില്‍ മാറ്റമില്ലെന്നും ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക കൂടിക്കാഴ്ചകള്‍ ഉടനെ നടക്കുമെന്നും അല്‍ സാതി വിശദീകരിച്ചു. ഒപ്പം ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 24 വരെയുള്ള എക്‌സിറ്റ്, റിട്ടേണ്‍ വിസകളുടെ കാലാവധി കൊവിഡ് മഹാമാരി കണക്കിലെടുത്ത് ചാര്‍ജുകളൊന്നുമില്ലാതെ മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്‍കാന്‍ സൗദി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.