Fri. Dec 27th, 2024
ന്യൂഡല്‍ഹി:

കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്സ് നേതാവും, വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി രംഗത്ത്. ഇത് വളരെ ആധുനികമായ ഒരു നിരീക്ഷണ സംവിധാനമാണെന്നാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചിരിക്കുന്ന ആരോപണം.

ഒരു സ്വകാര്യ സ്ഥാപനത്തിനാണ് വിവരങ്ങള്‍ എല്ലാം നല്‍കുന്നതെന്നും ഇതിന് ആരും മേല്‍നോട്ടം വഹിക്കുന്നില്ല എന്നും രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നു. സ്വകാര്യതയെ സംബന്ധിച്ചും ഡാറ്റാ സുരക്ഷയെ സംബന്ധിച്ചും അതിഗുരുതരമായ ആശങ്കകളാണ് ഇതുയര്‍ത്തുന്നതെന്നും പൗരന്മാരെ അവരുടെ സമ്മതം ഇല്ലാതെ നിരീക്ഷിക്കുന്നത് ഭയപ്പെടുത്തുന്നതാണെന്നും അദ്ദേഹം തന്‍റെ ട്വീറ്റിലൂടെയാണ് വ്യക്തമാക്കിയത്.

അതേസമയം, രാഹുലിന്റെ ആരോപണങ്ങള്‍ മറുപടിയുമായി കേന്ദ്ര ഐടി മന്ത്രിയായ രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി ദിവസവും പുതിയ നുണകള്‍ പറയുകയാണെന്നും സാങ്കേതിക വിദ്യയെ കുറിച്ച്‌ രാഹുലിന് അറിയില്ലെന്നുമാണ് മന്ത്രിയുടെ വാദം.

എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയിരുന്നു. നൂറ് ശതമാനം ജീവനക്കാരും ആപ്പ് ഉയോഗിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം.