Mon. Dec 23rd, 2024

മെയ് ദിനം എന്നറിയപ്പെടുന്ന മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായാണ് പല രാജ്യങ്ങളും ആചരിക്കുന്നത്. 1886 മെയ് 1 ന് തൊഴിലാളികൾ സംഘടിക്കുകയും, തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി പ്രതിഷേധം തുടങ്ങുകയും ചെയ്തു. അതാണ് പിന്നീട് മെയ് 1 നു തൊഴിലാളി ദിനമായി ആചരിക്കാൻ തുടങ്ങിയത്.

ഇന്ത്യയിൽ മദ്രാസിലാണ് ആദ്യമായി മെയ് ദിനം ആഘോഷിച്ചത്. ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാനാണ് 1923 മെയ് 1 നു തൊഴിലാളിദിനം ആചരിച്ചത്. സഖാവ് സിംഗാലവേലർ ആണ് മെയ് ദിനം ആഘോഷത്തിന് തുടക്കം കുറിയ്ക്കാൻ മുൻ‌കൈ എടുക്കുന്നത്. ഒരു യോഗം സംഘടിപ്പിക്കുകയും, തൊഴിലാളി ദിനം ദേശീയ അവധിദിനമായി പ്രഖ്യാപിയ്ക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന ഒരു പ്രമേയം മുന്നോട്ടുവയ്ക്കുകയും ചെയ്തു. തൊഴിലാളി ദിനത്തെ പ്രതിനിധീകരിക്കുന്ന ചുവന്ന പതാക ആദ്യമായി ഇന്ത്യയിൽ ഉപയോഗിച്ചതും അന്നുതന്നെയാണ്.

മഹാരാഷ്ട്രയിൽ മെയ് 1 മഹാരാഷ്ട്ര ദിനം ആയും, ഗുജറാത്തിൽ, ഗുജറാത്ത് ദിനം ആയും ആഘോഷിക്കുന്നു. ബോംബെ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മഹാരാഷ്ട്രയും, ഗുജറാത്തും, വേറെ വേറെ സംസ്ഥാനങ്ങളായത്. 1960 മെയ് 1 നാണ്. ഏകദേശം 80 രാജ്യങ്ങൾ മെയ് ദിനം ഒഴിവുദിനമായി ആചരിക്കുന്നു.

എല്ലാ തൊഴിലാളികൾക്കും മെയ് ദിനാശംസകൾ!