Mon. Dec 23rd, 2024
ഹൈദരാബാദ്:

തെലങ്കാനയിലെ സംഗറെഡ്‌ഢിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ഭക്ഷണമില്ലെന്നും നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂറുകണക്കിന് തൊഴിലാളികൾ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിയുകയും പോലീസ് വാഹനം തകരുകയും ചെയ്തായി റിപ്പോര്‍ട്ടുകളുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്കിനെ കുറിച്ച് കേന്ദ്രത്തോട് മറുപടി നൽകാൻ തിങ്കളാഴ്ച സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രത്തിന് എന്തെങ്കിലും പദ്ധതിയുണ്ടോ എന്നാണ് അറിയേണ്ടതെന്നാണ് കോടതി പറഞ്ഞത്. ഒരാഴ്ചക്കുള്ളിൽ സർക്കാർ മറുപടി നൽകണം. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.

തൊഴിലാളികൾക്ക് തിരിച്ചുപോകാൻ അന്തർ സംസ്ഥാന ബസ് സർവീസ് തുടങ്ങണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്ഭൂഷൺ ആവശ്യപ്പെട്ടിരുന്നു. തൊഴിലാളികളുടെ തിരിച്ചുപോക്ക് സംബന്ധിച്ച വിഷയം കേന്ദ്രം ഗൗരവത്തോടെ പരിഗണിച്ചിട്ടുണ്ടെന്നാണ് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്. തൊഴിലാളികളുടെ എണ്ണം, അവർക്ക് ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടോ എന്നിവ പരിശോധിച്ചു വരികയാണെന്നും ഈ വിഷയം സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു.