Thu. Dec 19th, 2024
മുംബൈ:

 
വൻകുടലിലെ അണുബാധയെ തുടർന്ന് ​പ്രമുഖ നടന്‍ ഇര്‍ഫാന്‍ ഖാൻ അന്തരിച്ചു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. 2018ല്‍ ഇദ്ദേഹത്തിന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. വിദേശത്ത് നടത്തിയ ചികിത്സയ്ക്കു ശേഷം അടുത്തിടെയാണ് അഭിനയരംഗത്ത് അദ്ദേഹം വീണ്ടും സജീവമായത്.

ശനിയാഴ്ചയായിരുന്നു ഇദ്ദേഹത്തിന്റെ അമ്മ സയീദ ബീഗം മരിച്ചത്. എന്നാല്‍, ലോക്ഡൗൺ കാരണം ജയ്​പൂരിലെത്തി മാതാവിനെ അവസാനമായി കാണാൻ ഇദ്ദേഹത്തിന്​ സാധിച്ചിരുന്നില്ല. ഭാര്യ സുതാപ സിൿദറിനും മക്കൾ​ക്കുമൊപ്പം ഇർഫാൻ മുംബൈയിലാണ്​ താമസിക്കുന്നത്​.

മൿബൂൽ, പികു, ലൈഫ് ഇൻ എ മെട്രോ, ദ ലഞ്ച് ബോക്സ്, തൽ‌വാർ, ഹിന്ദി മീഡിയം എന്നിവയാണ് പ്രമുഖ ചിത്രങ്ങൾ. കുറച്ചു ദിവസങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ അംഗ്രേസി മീഡിയം ആണ് അവസാന ചിത്രം.